അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ ‘സ്വയം ശിക്ഷിച്ച് ’ ബിജെപി നേതാവ് അണ്ണാമലൈ.
സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ചായിരുന്നു തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്റെ പ്രതിഷേധം . പ്രതിഷേധത്തിന്റെ ഭാഗമായി 48 ദിവസത്തെ വ്രതവും ആരംഭിക്കുന്ന അണ്ണാമലൈ തമിഴ്‌നാട്ടിലെ പ്രധാന മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനവും നടത്തും.
പച്ച നിറത്തിലുള്ള മുണ്ടുടുത്ത് സ്വന്തം വീടിന് മുന്നിലായിരുന്നു അണ്ണാമലൈയുടെ പ്രതിഷേധം. ഡിഎംകെ സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് വീഴുംവരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ ദിവസം അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാര്‍ കൊണ്ട് ആറു തവണ ശരീരത്തിലടിച്ചത്. അണ്ണാമലൈ ആദ്യം പ്രാര്‍ഥിക്കുന്നതും പിന്നീട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ചുറ്റും പ്ലക്കാര്‍ഡ് പിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചാട്ടവാര്‍ അടി പുരോഗമിക്കുന്നതിനിടയില്‍ ഇതില്‍ ഒരു പ്രവര്‍ത്തകന്‍ ഓടിയെത്തി അണ്ണാമലൈ തടയുന്നതും പിന്നീട് കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്.