Site iconSite icon Janayugom Online

രാത്രി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പെൺകുട്ടികളെ സ്റ്റോപ്പിൽ ഇറക്കാത്ത സംഭവം; കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു

രാത്രി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പെൺകുട്ടികളെ സ്റ്റോപ്പിൽ ഇറക്കാത്ത സംഭവത്തിൽ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടർക്കെതിരെയാണ് നടപടി. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാര്‍ത്ഥികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി ജോർജ് എന്നിവർക്കാണ് ഇന്നലെ രാത്രി ദുരനുഭവമുണ്ടായത്. തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്നു കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം.

 

ചാലക്കുടി കൊരട്ടിക്കടുത്ത് പൊങ്ങത്ത് ഇറങ്ങാനായി ബസ് നിർത്തി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറാകാതെ വന്നതോടെ ബസിൽ കുട്ടികൾ കരച്ചിലായി. പെൺകുട്ടികളുടെ കണ്ണീർ കണ്ടിട്ടും കണ്ടക്ട‌ററുടെയും ഡ്രൈവറുടെയും മനസലിഞ്ഞില്ല. തുടർന്ന് സഹയാത്രികർ പ്രതിഷേധിച്ചു. പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുന്നതിനിടെയാണ് പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായത്. വിഷയത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണം എന്ന ഉത്തരവ് നിലനിൽക്കെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

Exit mobile version