എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ഡല്‍ഹി പട്യാലഹൗസ് കോടതിയാണ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച് നല്‍കിയത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപയും ശങ്കർ മിശ്ര കോടതിയിൽ കെട്ടിവയ്ക്കണം. നവംബർ 26 നാണ് ന്യൂയോർക്ക്-ഡല്‍ഹി എയർ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത്. തുടര്‍ന്ന് ദിവസങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ പരാതി പൊലീസിന് കൈമാറിയത്.
സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ പരാതിക്കാരി തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ ശങ്കർ മിശ്ര ഒളിവിൽ പോവുകയായിരുന്നു. അന്വേഷണത്തിന് ഒടുവിൽ ബംഗ്ലൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ വിചിത്രവാദമാണ് പ്രതി ഉന്നയിച്ചത്. യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നും നര്‍ത്തികയായ അവര്‍ക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങളുണ്ടെന്നും 80 ശതമാനം നര്‍ത്തകര്‍ക്കും സമാനമായ ആരോഗ്യപ്രശ്നമുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ പ്രതി 30 ദിവസത്തേക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു.
English Summary:Incident of urinating on fellow passenger in Air India flight; Shankar Mishra granted bail
You may also like this video