Site iconSite icon Janayugom Online

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന; മേയ് മാസത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 273 കേസുകള്‍

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ വർധന. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. അതേസമയം ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിലവിൽ 95 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മെയ് മാസത്തിന്റെ രണ്ടാം വാരത്തിൽ 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 164 പേരാണ് നിലവിൽ ചികിത്സ തേടുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. തമിഴ്നാട്ടിൽ 34 കേസുകളും മഹാരാഷ്ട്രയിൽ 44 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉത്തർപ്രദേശിൽ ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് കണക്ക് ശേഖരണം കൃത്യമായി നടക്കുന്നതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മെയ് മാസത്തിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത 273 കേസുകളിൽ കോട്ടയം ജില്ലയിലാണ് കൂടുതൽ (82 കേസുകൾ). തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49, പത്തനംതിട്ടയിൽ 30, തൃശൂരിൽ 26 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version