Site iconSite icon Janayugom Online

അസംസ്കൃത വസ്തുക്കളുടെ വിലവർധനവ് : പപ്പട നിർമ്മാണ മേഖല പ്രതിസന്ധിയിൽ‍

ഓണക്കാലത്ത്‌ സദ്യവട്ടങ്ങളിൽ മികവ്‌ പുലർത്തേണ്ട പപ്പട നിർമ്മാണ മേഖല പ്രതിസന്ധിയിൽ. പപ്പട നിർമ്മാണത്തിന്  ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധനവ്  മൂലം നിർമ്മാണ ചെലവ് കൂടുകയും പപ്പടത്തിന് വില വർധിക്കാത്തതുമാണ്  മേഖല നേരിടുന്ന പ്രതിസന്ധി. അതിനിടയിൽ  ഇതര സംസ്ഥാനങ്ങളിൽ നിന്നും വിലക്കുറവിൽ പപ്പടം വിപണിയിലെത്തുന്നതും ഈ തൊഴിൽ മേഖലയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്‌.
കാലങ്ങളായി കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പപ്പടത്തിന്റെ   ഗുണവും സ്വാദും മലയാളിക്ക് സുപരിചിതമാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള പപ്പടമാണ് പല പ്രധാന പരിപാടികളിലും കണ്ടുവരുന്നത്. പപ്പട നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉഴുന്ന്, വെളിച്ചെണ്ണ  എന്നിവയുടെ വില ക്രമാതീതമായി വർധിച്ചിട്ടുണ്ട്. അതിനാൽ നിർമ്മാണ ചെലവ് കൂടിയത് അനുസരിച്ചുള്ള വരുമാനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. പരമ്പരാഗതമായി വീടുകളിൽ പപ്പടം നിർമ്മിച്ചു നൽകിയിരുന്നവരിൽ പലരും യന്ത്രവൽകൃത വ്യവസായ യൂണിറ്റുകളായി  പപ്പട നിർമ്മാണം ആരംഭിക്കുകയും അതിലൂടെ  തൊഴിൽ നിലനിർത്താനുള്ള വലിയ ശ്രമം നടത്തുന്നുണ്ട്. അവർക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുള്ളത്.
കാര്യമായ വരുമാനം ഇല്ലാത്തതിനാൽ  പുതിയ തലമുറയിൽ നിന്നും അധികമാരും തന്നെ ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരാത്ത സ്ഥിതിയുമാണ്. അതിനിടയിലാണ് കേരള പപ്പടത്തിൽ ജലാംശം കൂടുതലെന്ന്  ആരോപിച്ച്   കേന്ദ്ര  ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകളും പിഴ ചുമത്തലും നടപടികളും അരങ്ങേറുന്നത്. ഉത്തരേന്ത്യൻ പപ്പട നിർമ്മാണ രീതികളിൽ നിന്നും വ്യത്യസ്തമായാണ് കേരളത്തിൽ പപ്പട നിർമ്മാണം നടന്നുവരുന്നത്. അതിനാൽ ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നിയമ നടപടികൾ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം ഉപേക്ഷിക്കണമെന്നും കേരള പപ്പടത്തിന് മാത്രമായി  സ്റ്റാന്റേഡൈസേഷൻ വേണമെന്നും കേരള പപ്പട മാനുഫാക്ച്വറേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി വി സുധീർ പറഞ്ഞു. ഓണക്കിറ്റിലും സ്കൂൾ ഉച്ചഭക്ഷണത്തിലും പപ്പടം ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ ഏകദേശം ഏഴായിരത്തോളം കുടുംബങ്ങൾ ഇപ്പോൾ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. ഈ മേഖലയെ ആശ്രയിച്ച് നിൽക്കുന്നവരുടെ പ്രതീക്ഷകൾ മങ്ങുന്നതിനാൽ  തലമുറകള്‍ കൈമാറിവന്ന തൊഴില്‍ ഉപേക്ഷിച്ച്  ഉപജീവനമാര്‍ഗം തേടി നിരവധി പേരാണ് മറ്റ് തൊഴില്‍ മേഖലകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്. അതിനാൽ പല വ്യവസായ യൂണിറ്റുകളും ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഓണം, വിവാഹം, ഉത്സവം ഇങ്ങനെയുള്ള സീസണുകളിലാണ് പപ്പട വില്പന കൂടുന്നത്. അതിനാൽ  വിപണിയിലെ മത്സരത്തോട് പൊരുതി അതിജീവിക്കാനുള്ള നെട്ടോട്ടത്തിലാണ്  പരമ്പരാഗത പപ്പട നിർമ്മാണ തൊഴിലാളികൾ.
Eng­lish sum­ma­ry: Increase in price of raw mate­ri­als: Papa­da man­u­fac­tur­ing sec­tor in crisis
you may also like this video:

Exit mobile version