Site iconSite icon Janayugom Online

പച്ചക്കറി വിലക്കയറ്റം രൂക്ഷം; രാജ്യത്ത് തക്കാളി വില സര്‍വകാല റെക്കോഡില്‍

ഉത്സവ സീസണായ ഒക്ടോബറില്‍ പച്ചക്കറികളടക്കം ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നു. ദീപാവലി അടുത്തോടെ തക്കാളി, ഉരുളക്കിഴങ്ങ് അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വില സര്‍വകാല റെക്കോഡിലേക്കെത്തി. രാജ്യത്ത് തക്കാളി ഉല്പാദിപ്പിക്കുന്ന പല സംസ്ഥാനങ്ങളിലും ക്വിന്റലിന് 6,800 രൂപ വരെയായി ഉയര്‍ന്നു. ചില സംസ്ഥാനങ്ങളില്‍ ഇതിന്റെ ശരാശരി നിരക്ക് 6,500 രൂപയ്ക്ക് മുകളിലേക്ക് എത്തിക്കഴിഞ്ഞു. പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഇന്ത്യൻ കുടുംബങ്ങളെ സാരമായി ബാധിക്കുന്നതായി ലോക്കല്‍ സര്‍ക്കിള്‍സ് അടുത്തിടെ നടത്തിയ സർവേ വെളിപ്പെടുത്തുന്നു. രാജ്യത്തെ രണ്ടിലൊന്ന് കുടുംബവും ഇപ്പോൾ തക്കാളിക്ക് കിലോയ്ക്ക് 75 രൂപയും ഉള്ളിക്ക് 50 രൂപയും ഉരുളക്കിഴങ്ങിന് 40 രൂപയും നൽകേണ്ടിവരുന്നു. പ്രതികരിച്ചവരിൽ 29 ശതമാനം പേരും തങ്ങള്‍ പച്ചക്കറികള്‍ വാങ്ങുന്നതിന്റെ അളവ് കുറച്ചതായി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു, 

ചില്ലറ വില സൂചിക പ്രകാരം വാര്‍ഷിക ഭക്ഷ്യവില പണപ്പെരുത്തിന്റെ ശതമാനം കഴിഞ്ഞമാസം 5.49 ആയി ഉയര്‍ന്നിരുന്നു. ഓഗസ്റ്റില്‍ 3.65 ആയിരുന്നതാണ് 5.49 ലേക്ക് കുതിച്ചുയര്‍ന്നത്. 2023 ഡിസംബറിനുശേഷമുള്ള ഏറ്റവും വലിയ ചില്ലറവില പണപ്പെരുപ്പമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ഭക്ഷ്യവില പണപ്പെരുപ്പം 9.24 ശതമാനം കണ്ട് പ്രതിവര്‍ഷം വര്‍ധിക്കുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. വടക്കേയിന്ത്യയില്‍ വിളവെടുപ്പ് കാലമായ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പച്ചക്കറി വില റെക്കോഡ് വേഗത്തിലാണ് ഉയര്‍ന്നത്. ഇതില്‍ തക്കാളി വിലയിലാണ് ഏറ്റവുമധികം വര്‍ധന. ഡല്‍ഹിയില്‍ തക്കാളി 80 മുതല്‍ 100 രൂപ വരെയായി ഉയര്‍ന്നു. പൊതുവിപണിയില്‍ 900 ഗ്രാം താക്കളിക്ക് 110 രൂപ വരെ വില ഈടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹരിയാനയിലെ ഗുഡ്ഗാവ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റി ക്വിന്റലിന് 6,555 രൂപ നല്‍കിയാണ് തക്കാളി സംഭരിക്കുന്നത്. ജമ്മുകശ്മീരില്‍ ക്വിന്റലിന് 6,800 രൂപയും. ഈമാസം 14 നാണ് തക്കാളി വില ക്വിന്റലിന് 6,500 രൂപ പിന്നിട്ടത്. നഗര‑ഗ്രാമീണ ഭേദമില്ലാതെ കിലോഗ്രാമിന് 80 രൂപയാണ് ഇപ്പോള്‍ തക്കാളി വില. 

പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഒഡിഷ എന്നിവിടങ്ങളില്‍ 4,500, 4,000 രൂപയാണ് തക്കാളി ക്വിന്റലിന് വില. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം സ്ഥിര പ്രതിഭാസമായിട്ടും വിപണി ഇടപെടലിനോ, വില നിയന്ത്രണത്തിനോ മുതിരാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് ജനങ്ങളുടെ കീശ ചോരുന്നതിന് പ്രധാന കാരണം. തക്കാളിക്ക് പുറമേ, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയും ഗണ്യമായി കൂടി. ഇതോടെ കരുതല്‍ ശേഖരത്തില്‍ നിന്നും ഉള്ളി വിപണിയിലേക്കെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. 

Exit mobile version