അതിരൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിന് ഇരുട്ടടി നല്കാൻ 143 ഉല്പന്നങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്‍ടി) വർധിപ്പിക്കുന്നു. നികുതി വർധന അടുത്ത മാസം തന്നെയുണ്ടാകാനാണ് സാധ്യത. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
വരുമാന വർധന ലക്ഷ്യമിട്ടാണ് സാധാരണക്കാരെ പിഴിയുന്ന പുതിയ നികുതി നിരക്കിനുള്ള കേന്ദ്രനീക്കം. 1.42 ലക്ഷം കോടി രൂപയായിരുന്നു മാർച്ച് മാസത്തിലെ ജിഎസ്‍ടി വരുമാനം. ഇത് പ്രതിമാസം രണ്ട് ലക്ഷം കോടിയിലേക്ക് ഉയർത്താനാണ് ശ്രമം.
2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 2017 നവംബറിലും 2018 ഡിസംബറിലും വെട്ടിക്കുറച്ച നിരക്ക് പുനഃസ്ഥാപിക്കാനാണ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അധ്യക്ഷനായി രൂപീകരിച്ച ജിഎസ്‌ടി മന്ത്രിതല സമിതിയുടെ നിർദേശം. 143 ഉല്പന്നങ്ങളുടെ നികുതി കൂട്ടാനാണ് ആലോചന. ഇതിൽ 98 ശതമാനത്തിന്റെയും നികുതി 18ൽ നിന്ന് 28 ശതമാനമാക്കാനും ഒഴിവാക്കിയ ചില ഉല്പന്നങ്ങളെ നികുതിപരിധിയിൽ കൊണ്ടുവരാനുമാണ് നീക്കം.
ശർക്കര, പപ്പടം, ചോക്ലേറ്റ്, പവർ ബാങ്ക്, വാച്ച്, 32 ഇഞ്ചിൽ താഴെയുള്ള ടെലിവിഷൻ, ഉണങ്ങിയ പഴങ്ങൾ, മിഠായികൾ, ഹാന്റ് ബാഗ്, പെർഫ്യൂം, ആൽക്കഹോൾരഹിത പാനീയങ്ങൾ, സിറാമിക് സിങ്കുകൾ, വാഷ് ബേസിനുകൾ, കണ്ണടകൾ, കണ്ണട ഫ്രെയിമുകൾ, തുകൽ വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ നിരക്ക് വർധനയ്ക്ക് പരിഗണിക്കുന്ന ഇനങ്ങളിൽ പെടുന്നു. നിലവിൽ ജിഎസ്‍ടി ഇല്ലാത്ത പപ്പടത്തിനും ശർക്കരയ്ക്കും അഞ്ച് ശതമാനമായിരിക്കും നികുതി. മരം കൊണ്ടുള്ള അടുക്കള സാമഗ്രികളുടെ നികുതി 12 ൽ നിന്ന് 18 ശതമാനമാക്കും.
2018 ഡിസംബറില്‍ കുറച്ച, കളർ ടിവി സെറ്റുകൾ, 32 ഇഞ്ചിൽ താഴെയുള്ള മോണിറ്ററുകൾ, ഡിജിറ്റൽ, വീഡിയോ കാമറ, പവർ ബാങ്കുകൾ തുടങ്ങിയവയുടെ ജിഎസ്‌ടി നിരക്കുകൾ പുനഃസ്ഥാപിച്ചേക്കും. ജിഎസ്‌ടി മന്ത്രിതല സമിതി നിരക്ക് മാറ്റം സംബന്ധിച്ച് സംസ്ഥാനങ്ങളോട് അഭിപ്രായങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിപ്രായങ്ങൾ ലഭിച്ചയുടന്‍ സമിതിയുടെ റിപ്പോർട്ട് അടുത്തമാസം ആദ്യം ജിഎസ്‍ടി കൗൺസിലിന് കൈമാറും. വെെകാതെ കൗൺസിൽ യോഗം ചേർന്ന് വർധനയിൽ തീരുമാനം എടുത്തേക്കും.
English Summary: Increases GST on 143 products
You may like this video also