Site iconSite icon Janayugom Online

മണിപ്പൂരില്‍ അനിശ്ചിതകാല ഉപരോധം

മണിപ്പൂരില്‍ സുരക്ഷാസേനയുടെ നടപടിക്കെതിരെ കുക്കി-സോ ഗ്രൂപ്പുകള്‍ അനിശ്ചിതകാല ഉപരോധത്തിന് ആഹ്വാനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയേറ്റു. ഇന്നലെ കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. 

കഴിഞ്ഞ ദിവസം സുരക്ഷാസേനയും കുക്കികളും ഏറ്റുമുട്ടിയ കാങ്പോക്പി ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെെങ്കിലും പുതിയ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുക്കി ആധിപത്യ പ്രദേശങ്ങളിലെല്ലാം കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. അവശ്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാനാണ് കുക്കി സംഘടനകളുടെ നിര്‍ദേശം.

അക്രമസാധ്യത കണക്കിലെടുത്ത് ഗാംഗിഫായിയിലും ദേശീയപാത രണ്ടിലും കൂടുതല്‍ സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്രമസമാധാനനില ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് പട്രോളിങ് ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. 

Exit mobile version