മോഡിയുടെ ഗ്യാരന്റിയുമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് ഹരിയാനയിൽ കനത്ത തിരിച്ചടി. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. തങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സോംബിർ സാങ്‌വാൻ, രൺധീർ ഗൊല്ലൻ, ധരംപാൽ ഗോന്ദർ എന്നീ എംഎല്‍എമാര്‍ പ്രഖ്യാപിച്ചതോടെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപിക്ക് ഇരുട്ടടിയായി.
മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനിനുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വതന്ത്രര്‍ നിലപാട് വ്യക്തമാക്കിയത്. കര്‍ഷകപ്രശ്നങ്ങള്‍ അടക്കമുള്ള ജനകീയ വിഷയങ്ങളിലുള്ള ബിജെപി നിലപാടില്‍ പ്രതിഷേധിച്ചാണ് പിന്തുണ പിന്‍വലിച്ചതെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. കര്‍ഷക സമരവും സര്‍ക്കാരിനെതിരെ സാധാരണക്കാര്‍ക്കുള്ള വികാരവും മാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
90 അംഗ നിയമസഭയില്‍ നിലവില്‍ 88 എംഎല്‍എമാരാണുള്ളത്. രണ്ട് എംഎല്‍എമാര്‍ നേരത്തെ രാജിവച്ചിരുന്നു. ബിജെപിക്ക് 40 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 30 എംഎല്‍എമാരും ജയനായക് ജനതാ പാര്‍ട്ടിക്ക് (ജെജെപി) 10 സീറ്റുമുണ്ട്. ബിജെപിക്കുള്ള പിന്തുണ ജെജെപി നേരത്തെ പിന്‍വലിച്ചിരുന്നു. മൂന്ന് സ്വതന്ത്രന്മാരുടെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതിനാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ വേണമെന്നും ഉദയ് ഭാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് 34 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വതന്ത്ര എംഎല്‍എ ബല്‍രാജ് കണ്ഡു നേരത്തെ പ്രതിപക്ഷത്തിന് പിന്തുണ അറിയിച്ചിരുന്നു.
ജെജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് രാജിവച്ചിരുന്നു. മാര്‍ച്ച് 12നാണ് നയാബ് സിങ് സൈനിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചത്. സ്വതന്ത്രരുടെയും ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ ഏക എംഎല്‍എയുടെയും പിന്തുണയോടെയായിരുന്നു അത്. സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അതിനാല്‍ ആറ് മാസത്തിന് ശേഷമേ ഇനി അവിശ്വാസ പ്രമേയം കൊണ്ടുവരാനാകൂ. അത് ബിജെപിക്ക് കച്ചിത്തുരുമ്പായേക്കും. വിശ്വസവോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നുറപ്പാണ്. എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാനായില്ലെങ്കിൽ ബിജെപിക്ക് തിരിച്ചടിയാകും. അതിനാൽ ഭരണം നിലനിർത്താനുള്ള ശ്രമം ബിജെപി അണിയറയില്‍ ആരംഭിച്ചു.
പോളിങ് ശതമാനത്തിലെ കുറവ്, മോഡി തരംഗം ജനം തള്ളിയത്, കര്‍ണാടകയിലെ ലൈംഗിക അതിക്രമങ്ങള്‍, കര്‍ഷകപ്രക്ഷോഭം, വിദ്വേഷ വീഡിയോയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത് അങ്ങനെ തിരിച്ചടികള്‍ ബിജെപിക്ക് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.
BJP government has lost majority in Haryana: Congress
Read @ANI Story | https://t.co/7WB5mrwC8X#BJP #Congress #Haryana #LokSabhaElection2024 pic.twitter.com/ytyL2IkNVX
— ANI Digital (@ani_digital) May 7, 2024
English Summary: Independent MLAs declare support for Congress; Governance crisis in Haryana
You may also like this video