പരമ്പര പിടിക്കാന്‍ ഇന്ത്യയും സമനിലയാക്കാന്‍ ഓസ്ട്രേലിയയും ഇറങ്ങുമ്പോള്‍ അവാസാന ടി20 പോരാട്ടം തീപാറുമെന്നുറപ്പ്. ഗാബയില്‍ ഉച്ചയ്ക്ക് 1.45നാണ് മത്സരം. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്. ഒരു മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അഞ്ചാം ടി20 മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ഇതോടെ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ബെഞ്ചിലിരിക്കേണ്ടി വരും. ആദ്യ രണ്ട് മത്സരത്തിലും സഞ്ജു ടീമിലുണ്ടായിരുന്നു. പകരക്കാരനായിറങ്ങിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. നാല് പന്തില്‍ മൂന്ന് റണ്‍സെടുക്കാന്‍ മാത്രമാണ് താരത്തിനായത്. എന്നാല്‍ താരത്തെ മാറ്റി സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല.
ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മ്മയും ഓപ്പണര്‍മാരായെത്തും. കഴിഞ്ഞ മത്സരത്തില്‍ 39 പന്തില്‍ 46 റണ്‍സെടുത്ത ഗില്ലാണ് ടോപ് സ്കോററായത്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരാണ് മധ്യനിരയിലുള്ളവര്‍. ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെയും വാഷിങ്ടണ്‍ സുന്ദറും അക്സര്‍ പട്ടേലുമുണ്ടാകുമെന്നുറപ്പാണ്. നാലാം മത്സരത്തില്‍ സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങുമാണ് പേസര്‍മാര്‍.

