ആരാധകര്‍ കാത്തിരുന്ന ഇന്ത്യ‑ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്ലാസിക് ഫൈനല്‍ ഇന്ന് നടക്കും. 2003ലെ കലാശപ്പോരിലേറ്റ തിരിച്ചടിക്ക് പലിശ സഹിതം പകരംവീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആറാം കിരീടം ലക്ഷ്യമിടുന്ന ഓസീസും മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ ഒരു ത്രില്ലര്‍ ഫൈനല്‍ തന്നെ പ്രതീക്ഷിക്കാം. സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നപ്പോള്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഓസ്ട്രേലിയ ഫൈനല്‍ ടിക്കറ്റെടുത്തത്.
തുടര്‍ച്ചയായ പത്ത് വിജയങ്ങളുമായി അപാരമുന്നേറ്റം നടത്തിയാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്. തുടക്കത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റു അമ്പരന്നു നിന്ന ഓസീസ് പിന്നീട് അസാമാന്യ ഇച്ഛാശക്തിയില്‍ തിരിച്ചു വന്ന സംഘമാണ്. അഫ്ഗാനിസ്ഥാനോടും സെമിയില്‍ ദക്ഷിണാഫ്രിക്കയോടും കടുത്ത മത്സരം തന്നെ അവര്‍ക്ക് കളിക്കേണ്ടിയും വന്നു. രണ്ട് ഘട്ടത്തിലും അവര്‍ അതിജീവിച്ചത് അവരുടെ പോരാട്ട മികവിനു അടിവരയിടുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. കോലി 700നു മുകളിലും രോഹിത് 500നു മുകളിലും റണ്‍സെടുത്തിട്ടുണ്ട് ഇതുവരെ. ഇരുവരേയും മെരുക്കാന്‍ ഓസീസ് കരുതി വച്ചരിക്കുന്ന ആയുധങ്ങള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ്. ഇരുവരും മികവില്‍ തന്നെ പന്തെറിയുന്നു.
ഈ നാല് താരങ്ങളുടെ മികവായിരിക്കും ഇന്നത്തെ കളിയുടെ ഗതി നിര്‍ണയിക്കുക. ലീഗ് റൗണ്ടില്‍ ഓസീസിനെ തകര്‍ത്ത ആത്മവിശ്വാസം ഇന്ത്യക്ക് കരുത്താണ്. പക്ഷേ തുടക്കത്തില്‍ ഞെട്ടിയ ഓസീസല്ല ഫൈനലിലെത്തിയ ഓസീസ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന മാക്സ്‌വെല്‍ അടക്കമുള്ളവരുണ്ട്.
ഇന്ത്യ 11 പേരും ഒറ്റക്കെട്ട്
മികച്ച പ്രകടനമാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പില്‍ നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രകടനം വമ്പന്മാരെ പോലും ഭയപ്പെടുത്തുന്നതാണ്. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ സഖ്യമാണ് ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങുക. മൂന്നാമനായി ഈ ലോകകപ്പില്‍ നിലവിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിരാട് കോലിയാണ്. മൂന്ന് സെഞ്ചുറികളും കോലി നേടി. ആദ്യ കുറച്ച് മത്സരങ്ങളില്‍ ഫോം നഷ്ടമായിരുന്ന ശ്രേയസ് അയ്യര്‍ അവസാന മത്സരങ്ങളില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവച്ചത്.
സെമിഫൈനലിലും താരം സെഞ്ചുറി നേടിയിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി രാഹുലും മധ്യനിരയ്ക്ക് കരുത്താണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ പേസ്‌ത്രയമാണ് ഇന്ത്യയുടെ ശക്തി. സ്പിന്നില്‍ കറക്കി വീഴ്ത്താന്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനത്തിന്റെ ബലത്തിലല്ല ടീമിന്റെ കുതിപ്പെന്നതാണ് പ്രധാന കാര്യം. 11 പേരും ടീമിന്റെ വിജയത്തില്‍ ഒരുപോലെ പങ്കുവഹിക്കുന്നു.
ഓസീസ് കരുത്തര്‍
ശക്തമാണ് ഓസ്ട്രേലിയന്‍ ടീം. ഡേവിഡ് വാര്‍ണറും ട്രാവിഡ് ഹെഡും ആദ്യ 10 ഓവറില്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കം കങ്കാരുക്കള്‍ക്ക് നിര്‍ണായകമാകും. മധ്യനിരയില്‍ മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ഫോമും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെയും ജോഷ് ഇംഗ്ലിസിന്റെയും ഫിനിഷിങും നിര്‍ണായകമാകും. ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ഇരട്ടസെഞ്ചുറിയും ഒറ്റയാള്‍ പോരാട്ടവും ഈ ലോകകപ്പില്‍ കണ്ടതാണ്. ടൂര്‍ണമെന്റില്‍ ഷമിക്ക് പിന്നില്‍ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ സ്‌പിന്നര്‍ ആദം സാംപയും നായകന്‍ പാറ്റ് കമ്മിന്‍സിനൊപ്പം ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പേസാക്രമണവും ഓസീസിന് കരുത്താണ്.
ഓസീസ് ഫൈനലിലെത്തിയ വഴി
ഇന്ത്യയോട് തോറ്റ് തുടക്കം
ദക്ഷിണാഫ്രിക്കയോട് തോല്‍വി
ലങ്കയോട് ജയിച്ച് തിരിച്ചുവരവ്
പാകിസ്ഥാനെ തകര്‍ത്തു നെതർലൻഡ്സിനെതിരെ വമ്പന്‍ ജയം
ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റ് ജയം ഇംഗ്ലണ്ടിനെ വീഴ്ത്തി
അഫ്ഗാനിസ്ഥാനോട് കഷ്ടിച്ച് ജയം ബം
ഗ്ലാദേശിനെ തോല്പിച്ച് സെമിയില്‍
ദക്ഷിണാഫ്രിക്കയെ മറികടന്ന് ഫൈനലില്‍
ആരാധകര്‍ക്ക് മാസ്മരിക വിരുന്ന്
ഫൈനലിന് ആവേശംപകരാന്‍ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ബിസിസിഐ മാസ്മരിക വിരുന്നാണൊരുക്കിയിരിക്കുന്നത്. വമ്പന്‍ കലാ വിരുന്നുകളും അഭ്യാസ പ്രകടനങ്ങളും മത്സരത്തിന് മുമ്പും ഇടവേളകളിലും നടക്കും. മത്സരം ആരംഭിക്കുന്നതിന് മുമ്പ് വ്യോമസേനയുടെ സൂര്യ കിരണ്‍ എയ്‌റോബാറ്റിക്ക് ടീം നടത്തുന്ന എയര്‍ ഷോ ഉണ്ടാകും. പ്രഗത്ഭരായ സംഗീതജ്ഞരുടെ നിരയാണ് ആരാധകര്‍ക്കായി അണിനിരക്കുന്നത്. ജോനിത ഗാന്ധി, നകാഷ് അസിസ്, അമിത് മിശ്ര, ആകാശ് സിങ്, തുഷാര്‍ ജോഷി, ആദിത്യ ഗഥാവി എന്നിവരുടെ മ്യൂസിക് സിംഫണി വിരുന്നുമുണ്ടാകും. ലേസര്‍ഷോയും വെടിക്കെട്ടും മൈതാനത്ത് അരങ്ങേറും. അതുകൊണ്ട് തന്നെ ഈ ഫൈനല്‍ ആരാധകര്‍ എന്നും ഓര്‍ത്തിരിക്കും.
English Summary: India-Australia final
You may also like this video