അതിര്‍ത്തിയില്‍ ചൈന നടത്തിവന്നിരുന്ന പ്രകോപനവും കയ്യേറ്റശ്രമങ്ങളും അതിര്‍ത്തിക്കകത്തുള്ള അരുണാചല്‍ പ്രദേശിലെ സ്ഥലപ്പേരുകളില്‍ മാറ്റം വരുത്തുകയെന്ന രീതിയും തുടരുകയാണ്. കഴിഞ്ഞ ദിവസം അരുണാചലിലെ 11 സ്ഥലപ്പേരുകള്‍ മാറ്റിയതായി ചൈന അവകാശപ്പെട്ടിരിക്കുന്നു. ആറ് വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് ഇത്. സംഗ്‌നാം എന്ന പേരില്‍ അരുണാചല്‍ തങ്ങളുടെ ഭൂപരിധിക്കകത്താണെന്നാണ് ചൈനയുടെ അവകാശവാദം. രണ്ട് ജനവാസ കേന്ദ്രങ്ങള്‍, അഞ്ച് മലനിരകള്‍, രണ്ട് നദികള്‍ എന്നിവയുടെ പേരുകള്‍ മാറ്റിയെന്നാണ് ഔദ്യോഗിക അറിയിപ്പായി പുറത്തിറക്കിയത്. 2017 നവംബറിലാണ് ആദ്യം ചൈന അരുണാചലിലെ ആറ് സ്ഥലപ്പേരുകള്‍ക്ക് മാറ്റം വരുത്തിയതായി പ്രഖ്യാപിച്ചത്. പിന്നീട് 2021 ഡിസംബറില്‍ 15 സ്ഥലപ്പേരുകള്‍ മാറ്റിയതായും ചൈനയുടെ അവകാശവാദമുണ്ടായി. അതിര്‍ത്തിയില്‍ നിന്ന് മാറി ഇന്ത്യന്‍ ഭൂപ്രദേശത്തേയ്ക്ക് കയറിയുള്ള അവകാശവാദങ്ങളും പ്രകോപനവുമാണ് അരുണാചല്‍ പ്രദേശില്‍ ചൈന ആവര്‍ത്തിക്കുന്നതെങ്കില്‍ ലഡാക്ക് അതിര്‍ത്തി പ്രദേശത്തും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ നല്കിയ മറുപടി അനുസരിച്ച് ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശത്ത് ചൈന അനധികൃത അധിനിവേശം തുടരുകയാണ്.
ആറു പതിറ്റാണ്ടായുള്ള സ്ഥിതിയാണിതെന്നാണ് കേന്ദ്രം പറയുന്നതെങ്കിലും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അധിനിവേശ ശ്രമങ്ങള്‍ ശക്തിപ്പെട്ടുവെന്നാണ് സമീപകാല വാര്‍ത്തകളില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ലളിതമായ ന്യായീകരണങ്ങളല്ലാതെ ശക്തമായ പ്രതികരണങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന പൊതു ധാരണയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെ ചൈന അനധികൃത പാലം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതു സംബന്ധിച്ച് പാര്‍ലമെന്റിലെ മറുപടിയില്‍ വ്യക്തമാക്കുന്നത്, 1962 മുതൽ ചൈനയുടെ അനധികൃത അധിനിവേശത്തിന് കീഴിൽ തുടരുന്ന പ്രദേശങ്ങളിലാണ് പാലം നിർമ്മിക്കുന്നതെന്നാണ്. ഇന്ത്യ ഈ നിയമവിരുദ്ധമായ അധിനിവേശം അംഗീകരിച്ചിട്ടില്ലെന്നും മറുപടിയിലുണ്ടായിരുന്നു. എന്നാല്‍ ചൈന അനധികൃത നിര്‍മ്മാണവുമായി മുന്നോട്ടുപോയി. മാസങ്ങള്‍ക്ക് മുമ്പാണ് തര്‍ക്ക പ്രദേശമായ കിഴക്കന്‍ ലഡാക്കിലെ 65 റോന്തുചുറ്റല്‍ കേന്ദ്രങ്ങളില്‍ 25 എണ്ണത്തില്‍ പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തെ പ്രവേശനമുണ്ടായിരുന്ന പല മേഖലകളെയും പ്രദേശവാസികളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും സഞ്ചാരം തടയുന്നതിനായി അനൗപചാരിക സംരക്ഷിത മേഖലകളായി മാറ്റിയെന്നും ഔദ്യോഗിക യോഗത്തെ ഉദ്ധരിച്ച് ജനുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇതുകൂടി വായിക്കൂ: ക്രെംലിന്‍ കൂടിക്കാഴ്ചയുടെ ഭാവി സാധ്യതകള്‍
അതേസമയം 30 കേന്ദ്രങ്ങളില്‍ റോന്ത് ചുറ്റല്‍ നടത്താനാകുന്നില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് യുദ്ധവിമാനമെത്തിയ സംഭവമുണ്ടായത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഡാറാണ് ചൈനീസ് വിമാനത്തിന്റെ ലംഘനം കണ്ടെത്തിയത്. സമീപ പ്രദേശങ്ങളില്‍ ചൈനീസ് വ്യോമസേന പരിശീലനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് നാലുവര്‍ഷങ്ങളായി ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രകോപനങ്ങളും കടന്നുകയറ്റ ശ്രമങ്ങളും തുടരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന അരുണാചല്‍ പ്രദേശിലെ സ്ഥലപ്പേരുകളില്‍ മാറ്റം വരുത്തിയെന്നുള്ള അറിയിപ്പ്. ചൈനയുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി ഉണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. അതേസമയം ഈ നടപടികളോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം നിസംഗഭാവത്തോടെയാണോ എന്ന് സംശയം സ്വാഭാവികമാണ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മറ്റും അപലനീയമെന്നും കനത്ത നടപടികളെടുക്കുമെന്നും മറ്റും കേന്ദ്ര മന്ത്രിമാരില്‍ നിന്ന് പ്രസ്താവനകള്‍ ഉണ്ടാകുന്നുവെന്ന് സമ്മതിക്കാവുന്നതാണ്.
ഒരു വിദേശ മാധ്യമത്തോട് സംസാരിക്കുമ്പോള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന ഏകപക്ഷീയ മാറ്റം വരുത്തുന്നുവെന്ന വിദേശ കാര്യമന്ത്രി എസ് ജയശങ്കറിന്റെ അഭിപ്രായപ്രകടനമുണ്ടായത് അടുത്ത ആഴ്ചകളിലാണ്. ഫെബ്രുവരിയില്‍ ശ്രീനഗറിലെ ബദാമി ബാഗ കന്റോണ്‍മെന്റ് മേഖലയില്‍ നടന്ന പരിപാടിയില്‍ നേരിട്ട് പങ്കെടുത്ത നോര്‍ത്തേണ്‍ കമാന്‍ഡ് വിഭാഗം ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രഖ്യാപനവും നാം വായിച്ചതാണ്. ലഡാക്ക് മേഖലയില്‍ ചൈന നടത്തുന്ന പ്രകോപനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സേന തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇത്തരം വൈകാരികമായ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടന്നുകൊണ്ടിരിക്കുമ്പോഴും അതൊന്നും പരിഗണിക്കാതെ ചൈന പ്രകോപനം തുടരുകയും ചെയ്യുന്നു. 2020 ജൂണില്‍ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ പുതിയ ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ മുഖാമുഖം തുടരുകയുമാണ്. എന്നിട്ടും കേന്ദ്ര ഭരണാധികാരികളുടെ നിസംഗ സമീപനം രാജ്യസ്നേഹികളെ സംബന്ധിച്ച് സംശയാസ്പദമാണ്.