ഇന്ത്യ‑ചൈന സഹകരണത്തെ സിപിഐ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായുള്ള ചര്‍ച്ച പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്ന് ദേശീയ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ലോകത്തിലെ അതിപുരാതന സംസ്കാരം നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നത് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണ്. അയല്‍രാജ്യങ്ങള്‍ തമ്മില്‍ ശത്രുത വെടിഞ്ഞ് സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
പരസ്പരം രാഷ്ട്രീയ‑സാമ്പത്തിക‑സംസ്കാരിക സഹകരണം ഊട്ടിയുറപ്പിക്കുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ശക്തി വര്‍ധിപ്പിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാനും സഹകരണം വഴിയൊരുക്കും. ചര്‍ച്ചയും സഹകരണവും സമാധാനത്തിലേക്കും വികസനത്തിലേക്കും പരിണമിക്കാന്‍ പ്രേരകമാകും. സാമ്രാജ്യത്വ ശക്തികള്‍ ഭിന്നിപ്പിലുടെ അധികാര മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമം നടത്തിവരികയാണ്. സമത്വം, സാഹോദര്യം, പരസ്പര ബഹുമാനം എന്നിവ ഊട്ടിയുറപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം അത്യന്ത്യാപേക്ഷിതമാണെന്നും യോഗം വിലയിരുത്തി.

