Site iconSite icon Janayugom Online

ഇന്ത്യ തകർത്തത് 600 പാക് ഡ്രോണുകൾ; ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍

റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളം ഇന്ത്യ ആക്രമിച്ചതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. സൈനിക മേധാവി അസിം മുനീറിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പത്താം തീയതി പുലർച്ചെ 2.30ന് നൂർഖാൻ വ്യോമതാവളത്തിലും മറ്റ് ചില സൈനിക കേന്ദ്രങ്ങളിലും ആക്രമണമുണ്ടായതായി അദ്ദേഹം അറിയിച്ചുവെന്നാണ് വിവരം. തങ്ങളുടെ വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് പാകിസ്താൻ ആദ്യമായാണ് ഔദ്യോഗികമായി സമ്മതിക്കുന്നത്.

ഇന്ത്യ‑പാകിസ്താൻ സംഘർഷത്തിനിടെ 600 പാക് ഡ്രോണുകൾ ഇന്ത്യൻ സേന തകർത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വളരെ കുറഞ്ഞ ഡ്രോണുകൾക്ക് മാത്രമാണ് ഇന്ത്യൻ വ്യോമ പ്രതിരോധം മറികടക്കാൻ സാധിച്ചത്. പാകിസ്താൻ ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും ഡ്രോണുകൾ അയച്ചെങ്കിലും അവയെല്ലാം തകർത്തുവെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. ഡ്രോണുകളിൽ മുൻതൂക്കമുണ്ടെന്ന പാക് അവകാശവാദം പൊളിച്ചെന്നാണ് സേന വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. 

അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച അട്ടാരി – വാഗ – അതിര്‍ത്തി തുറന്നു. അഫ്ഗാവനിസ്താനില്‍ നിന്നും എത്തിയ ട്രക്കുകള്‍ക്ക് വേണ്ടി മാത്രമാണ് അതിര്‍ത്തി തുറന്നത്. വ്യോമയാന സർവീസുകളും പൊതുഗതാഗതവും പഴയ നിലയിലായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. പാകിസ്ഥാന്റെ ആക്രമണത്തിൽ വീടുകളും ജീവിതോപാധികളും നഷ്ടപ്പെട്ടവർക്കുളള പുനരധിവാസ പദ്ധതി സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും.

Exit mobile version