Site iconSite icon Janayugom Online

ഗുട്ടറെസിനെ വിലക്കിയ ഇസ്രയേല്‍ നടപടിക്കെതിരായ കത്തില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പിടാതെ ഇന്ത്യ. നാലാം തവണയാണ് ഇസ്രയേലിനെതിരായ നടപടികളില്‍ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത്. 104 രാജ്യങ്ങളും ആഫ്രിക്കൻ യൂണിയനും ചിലി അവതരിപ്പിച്ച കത്തിൽ ഒപ്പിട്ടിരുന്നു. ബ്രസീൽ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഇന്തോനേഷ്യ, സ്പെയിൻ, ഗയാന, മെക്സിക്കോ എന്നീ രാജ്യങ്ങളും പിന്തുണച്ചു.

ഫ്രാൻസ്, റഷ്യ, ചൈന, സ്ലോവേനിയ, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടെ യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളിൽ കുറഞ്ഞത് 10 പേരെങ്കിലും അംഗീകരിച്ചിട്ടുണ്ട്. അമേരിക്ക, യുകെ, ജപ്പാൻ, തെക്കൻ കൊറിയ എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ചില്ല. ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക അയൽരാജ്യങ്ങളും, പശ്ചിമേഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. അന്റോണിയോ ഗുട്ടറെസിനെ പേഴ്സണൽ നോൺ ഗ്രാറ്റയായി പ്രഖ്യാപിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിൽ കടുത്ത ആശങ്കയും അപലപനവും പ്രകടിപ്പിക്കുന്നതാണ് കത്ത്. സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയും മാനുഷിക പിന്തുണ നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ ചുമതല നിർവഹിക്കാനുള്ള കഴിവിനെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുന്നുവെന്നും കത്തിൽ പറയുന്നു.

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ വേണ്ടവിധം യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുട്ടറെസിനെ വിലക്കിയത്. ഗുട്ടറെസിന് ഇസ്രയേലി മണ്ണിൽ കാലുകുത്താനുള്ള അർഹതയില്ല എന്നായിരുന്നു വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഗ്ലോബൽ സൗത്ത് എന്ന കൂട്ടായ്മയുടെ നേതൃപദവി ആഗ്രഹിക്കുന്ന ഇന്ത്യ, പലതവണയായി ഇസ്രയേൽ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടാണ് കൈക്കൊള്ളുന്നത്. യുഎന്നിൽ അവതരിപ്പിക്കപ്പെട്ട ഇസ്രയേലിനെ അപലപിക്കുന്നതോ വിമർശിക്കുന്നതോ ആയ പ്രധാനപ്പെട്ട ചില പ്രമേയങ്ങളിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് അതിന്റെ ഉദാഹരണങ്ങളാണ്.

അതേസമയം, ഐക്യരാഷ്ട്ര സഭ സമാധാന സേനാംഗങ്ങള്‍ക്കെതിരായ ഇസ്രയേല്‍ നടപടിയെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് ഇന്ത്യ പിന്തുണ അറിയിച്ചു. സെെനികരെ സംഭാവന ചെയ്യുന്ന പ്രധാന രാജ്യമെന്ന് നിലയില്‍, സമാധാന സേനയിലെ 34 അംഗരാജ്യങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ പിന്തുണയ്ക്കുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അറിയിച്ചു. സമാധാന സേനാംഗങ്ങളുടെ സുരക്ഷയും പരമപ്രധാനമാണെന്നും സുരക്ഷാ സമിതിയുടെ പ്രമേയങ്ങള്‍ക്കനുസൃതമായി അത് ഉറപ്പാക്കണമെന്നും ഇന്ത്യ അറിയിച്ചു. സമാധാന സേനയ്ക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും സേ­നാംഗങ്ങളുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നും രാജ്യങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നഖോരയിലെ യുഎന്‍ സമാധാന സേനാ താവളത്തിനടുത്ത് ഹിസ്ബുള്ള സെെനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ആശങ്കയറിച്ച് ഇന്ത്യ രംഗത്തെത്തി. ലെബനന്‍— ഇസ്രയേല്‍ അതിര്‍ത്തിയില്‍ സുരക്ഷാ സ്ഥിതി മോശമാകുന്നതില്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version