ഇന്ത്യയും യൂറോപ്യന്‍ യൂണിയനു (ഇയു) മായുള്ള 14-ാം റൗണ്ട് സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് ബ്രസല്‍സില്‍ പുനരാരംഭിക്കും. അമേരിക്കയിൽ നിന്ന് ഇന്ത്യ വർധിച്ചുവരുന്ന താരിഫ് സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങളും വികസനവും ഉത്തേജിപ്പിക്കുന്നതിനും ഇന്ത്യ‑ഇയു യൂണിയൻ വ്യാപാര കരാർ ഒരു നിർണായക അടിത്തറയായി മാറിയേക്കാമെന്നാണ് വിലയിരുത്തല്‍. യൂറോപ്യൻ പക്ഷവും സമാന പ്രതീക്ഷയിലാണ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരം 90 ശതമാനത്തിലധികം വളർന്നിട്ടുണ്ടെന്ന് വ്യാപാര കമ്മിഷണര്‍ മരോഷ് സെഫ്കോവിച്ച് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യൂറോപ്യൻ കമ്പനികൾ ഇതിനകം മൂന്ന് ദശലക്ഷത്തിലധികം തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഇയു വ്യാപാരനയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ ഒമ്പതാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2023ൽ ചരക്ക് വ്യാപാരം 124 ബില്യൺ യൂറോ ആയിരുന്നു. ഇന്ത്യയും ഇയുവും തമ്മിലുള്ള സേവന വ്യാപാരം 2020ല്‍ 30.4 ബില്യണ്‍ യൂറോയില്‍ നിന്ന് 2023ല്‍ 59.7 ബില്യണ്‍ യൂറോയിലെത്തി. നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഇന്ത്യ ഒപ്പുവച്ച പുതിയ വ്യാപാര കരാർ കഴിഞ്ഞ ബുധനാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായി വ്യാപാര, സാമ്പത്തിക, പങ്കാളിത്ത കരാറിൽ 2024 മാർച്ചിൽ ഇന്ത്യ ഒപ്പുവച്ചു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന 80–85% സാധനങ്ങളുടെയും തീരുവ ഒഴിവാക്കും. അതേസമയം ഇന്ത്യൻ കയറ്റുമതിക്കാർക്ക് യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ വിപണികളിലെ 99% സാധനങ്ങളിലും തീരുവ രഹിത പ്രവേശനം ലഭിക്കും.

