Site iconSite icon Janayugom Online

യുഎസ് ഉപരോധത്തില്‍ ഇന്ത്യ വഴങ്ങി; റഷ്യൻ എണ്ണയൊഴുക്ക് കുറഞ്ഞു

അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റെക്കോർഡ് ഇടിവ്. ഡിസംബർ മാസത്തിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് റഷ്യൻ എണ്ണയുടെ വരവ് താഴ്ന്നത്. എന്നാൽ, വിപണിയിലെ തടസ്സം നീക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) റഷ്യൻ എണ്ണ വാങ്ങുന്നത് പുനരാരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഷിപ്പിംഗ് ഡാറ്റ ട്രാക്ക് ചെയ്യുന്ന അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറുടെ റിപ്പോർട്ട് പ്രകാരം ഡിസംബറില്‍ പ്രതിദിനം 1.1 മില്യൺ ബാരലായി റഷ്യൻ എണ്ണ ഇറക്കുമതി കുറഞ്ഞു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. നവംബറിൽ ഇത് പ്രതിദിനം 1.8 മില്യൺ ബാരലായിരുന്നു. റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്ക് ഒക്ടോബർ അവസാനത്തോടെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് വലിയ തിരിച്ചടിയായി. ഇതോടെ സുരക്ഷിതമായ മറ്റ് വിതരണക്കാരെ തേടാൻ ഇന്ത്യൻ കമ്പനികൾ നിർബന്ധിതരായി.

ഉപരോധത്തെത്തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് താത്കാലികമായി നിർത്തിവെച്ചിരുന്ന റിലയൻസ്, ഇപ്പോൾ പുതിയ വിതരണക്കാരെ കണ്ടെത്തി ഇറക്കുമതി പുനരാരംഭിച്ചിട്ടുണ്ട്. കരിമ്പട്ടികയിൽ പെടാത്ത റഷ്യൻ കമ്പനികളിൽ നിന്നും ഇടനിലക്കാരിൽ നിന്നുമാണ് റിലയൻസ് ഇപ്പോൾ എണ്ണ വാങ്ങുന്നത്.

ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ രണ്ട് റിഫൈനറികളിൽ, ആഭ്യന്തര വിപണിയിലേക്ക് ഇന്ധനം ഉല്പാദിപ്പിക്കുന്ന യൂണിറ്റിലാണ് റഷ്യൻ ക്രൂഡ് പ്രധാനമായും ഉപയോഗിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ കർശനമായ നിയമങ്ങൾ പാലിക്കേണ്ടതിനാൽ, കയറ്റുമതി ലക്ഷ്യം വെച്ചുള്ള റിഫൈനറിയിൽ റഷ്യൻ ഇതര ക്രൂഡ് ഓയിൽ ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം.
റിലയൻസിന് പുറമെ എച്ച്പിസിഎൽ‑മിത്തൽ എനർജി, മംഗലാപുരം റിഫൈനറി തുടങ്ങിയ പ്രമുഖ കമ്പനികളിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്ദ്ര ഓയിൽ ടെർമിനലിലെ കണക്കുകളിലും ഈ കുറവ് പ്രകടമാണ്. ഡിസംബർ രണ്ടാം വാരത്തിൽ പ്രതിദിനം 7.12 ലക്ഷം ബാരലിലേക്ക് വരെ താഴ്ന്ന ഇറക്കുമതി, റിലയൻസ് വീണ്ടും രംഗത്തെത്തിയതോടെ വരും മാസങ്ങളിൽ വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. 

Exit mobile version