Site iconSite icon Janayugom Online

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‍നര്‍ ചരക്ക് കപ്പലായ എവര്‍ അലോട്ടിന് നങ്കൂരമിടാന്‍ ഇന്ത്യയില്‍ തുറമുഖങ്ങളില്ല

evergreen alotevergreen alot

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‍നര്‍ ചരക്ക് കപ്പലായ എവര്‍ അലോട്ടിന് നങ്കൂരമിടാന്‍ തുറമുഖങ്ങളില്ലാതെ ഇന്ത്യ. എവർ അലോട്ട് പോലുള്ള കപ്പലുകൾ കൈകാര്യം ചെയ്യാൻ ഇന്ത്യയുടെ തീരത്തുള്ള മിക്ക തുറമുഖങ്ങൾക്കും ആഴമില്ല. അയൽരാജ്യമായ ശ്രീലങ്കയിലും മലേഷ്യയിലും എവര്‍ അലോട്ട് സമീപ മാസങ്ങളില്‍ നങ്കൂരമിട്ടിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‍നര്‍ തുറമുഖമായ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന് വലിയ കപ്പലുകള്‍ കെെകാര്യം ചെയ്യാന്‍ ആവശ്യമായ 17 മീറ്റര്‍ ഡ്രാഫ്റ്റ് ആഴമില്ല. എവര്‍ അലോട്ടിനെ കെെകാര്യം ചെയ്യാന്‍ കഴിയുമെന്ന് വാദിച്ച ഗൗതം അഡാനിയുടെ മുന്ദ്ര പോര്‍ട്ടിലും കപ്പല്‍ ഇതുവരെ നങ്കൂരമിട്ടിട്ടില്ല. എപിഎല്‍ റാഫിള്‍സാണ് മുദ്രാ പോര്‍ട്ടില്‍ നങ്കൂരമിട്ടിട്ടുള്ള ഏറ്റവും വലിയ ചരക്ക് കപ്പല്‍. 

മോശം ഷിപ്പിങ് കണക്ടിവിറ്റി ആഗോള മൂല്യ ശൃംഖലയിലേക്കുള്ള ഇന്ത്യുടെ പ്രവേശനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആഗോള മൂല്യ ശൃംഖലാ (ജിവിസി) പങ്കാളിത്ത സൂചികയില്‍ 34 ശതമാനമാണ് ഇന്ത്യയുടെ നിരക്ക്. അതേസമയം, 50 ശതമാനത്തിന് മുകളിലാണ് വിയറ്റ്നാമിന്റെ പങ്കാളിത്ത നിരക്ക്. എപിഎല്‍ റാഫിള്‍സ് വിയറ്റിനാമില്‍ നങ്കൂരമിട്ട് മൂന്ന് വര്‍ഷത്തിനു ശേഷമാണ് മുന്ദ്ര പോര്‍ട്ടിന് കപ്പലിനെ കെെകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകുന്നത്. ആഗോള വ്യാപാര പങ്കാളിത്തത്തിനുള്ള മത്സരത്തില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യ എത്രത്തോളം പിന്നിലാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ലോകബാങ്കും എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്റെയും സൂചികയിൽ 48-ാം സ്ഥാനത്താണ് മുന്ദ്ര പോര്‍ട്ട്. പ്രകടനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള തുറമുഖമാണിത്.
ഇന്ത്യയിൽ നിലവിലുള്ള തുറമുഖവും ടെർമിനൽ ഇൻഫ്രാസ്ട്രക്ചറും അൾട്രാ ലാർജ് വെസലുകളുടെ മുഴുവൻ ശക്തിയും ഉപയോഗിക്കാനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു. തുറമുഖങ്ങള്‍ മാത്രമല്ല, വെയര്‍ഹൗസുകളിലേക്കും ഫാക്ടറികളിലേക്കുമുള്ള റോഡ്, റെയില്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഡ്രൂറി മാരിടെെം അഡ്വെെഴ്സിന്റെ ഡയറക്ടര്‍ ശെെലേഷ് ഗാര്‍ഗ് പറയുന്നു. ദുര്‍ബലമായ അടിസ്ഥാനസൗകര്യങ്ങള്‍ നിലനില്‍ക്കെയാണ് നിര്‍മ്മാണ മേഖലയിലെ പങ്കാളിത്തം 14ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തുമെന്നും ആഗോള ചരക്ക് കയറ്റുമതിയില്‍ രാജ്യത്തിന്റെ വിഹിതം 2047 ഓടെ 10 ശതമാനമായി ഉയര്‍ത്തുമെന്നും നരേന്ദ്ര മോഡി അവകാശപ്പെടുന്നത്. 

ചൈനയുമായും തെക്കുകിഴക്കൻ ഏഷ്യയിലെയും മറ്റ് പ്രദേശങ്ങളിലെയും ഉയർന്നുവരുന്ന മറ്റ് ഉൽപ്പാദന കേന്ദ്രങ്ങളുമായും മത്സരിക്കുന്നതിന് നാവിക ശേഷിയുടെ വികസനം പ്രധാനമാണ്. പ്രവര്‍ത്തക്ഷമമായ ആഗോള കണ്ടെയ്‍നര്‍ കപ്പലുകളുടെ 0.7 ശതമാനം മാത്രമേ 17 മീറ്ററോ അതില്‍ കൂടുതലോ ഡ്രാഫ്റ്റുള്ള കപ്പലുകള്‍ ഉള്‍ക്കൊള്ളുന്നുള്ളുവെങ്കിലും ഇത്തരം വലിയ കപ്പലുകള്‍ യൂറോപ്പിന്റെയും ചെെനയുടെയും വ്യാപരത്തില്‍ കൂടുതല്‍ സുപ്രധാനമായിക്കൊണ്ടിരിക്കുകയാണ്. സൂയസ് കനാലിനും മലാക്ക കടലിടുക്കിനും ഇടയിലുള്ള തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്ത് ഇന്ത്യക്ക് ഭാഗമാകാൻ കഴിയുന്ന ഒരു റൂട്ടാണിത്.
ദക്ഷിണേഷ്യയില്‍ കേരളത്തിലെ വിഴിഞ്ഞം തുറമുഖം 20–24 മീറ്റര്‍ സ്വാഭാവിക ഡ്രാഫ്റ്റുള്ള ആഴക്കടല്‍ സൗകര്യമുള്ളതിനാല്‍ വലിയ കപ്പലുകളെ കെെകാര്യം ചെയ്യാന്‍ പ്രാപ്തമാണ്. 18 മീറ്റർ സ്വാഭാവിക ഡ്രാഫ്റ്റുള്ള മഹാരാഷ്ട്രയിലെ മറ്റൊരു തുറമുഖം 2028 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Eng­lish Sum­ma­ry; India has no ports to anchor Ever Alot, the world’s largest con­tain­er ship

You may also like this video

Exit mobile version