Site iconSite icon Janayugom Online

ലോകത്ത് പാചകവാതകത്തിന് ഏറ്റവും കൂടിയ വില ഇന്ത്യയില്‍

ആഗോള തലത്തില്‍ പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് ഇന്ത്യയില്‍. ആഭ്യന്തര വിപണിയിലെ കറന്‍സിയുടെ വാങ്ങല്‍ ശേഷി അനുസരിച്ച് എല്‍പിജി ലിറ്ററിന് ഏറ്റവും ഉയര്‍ന്ന വില ഈടാക്കുന്നത് ഇന്ത്യയിലാണ്. ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില ഈടാക്കുന്ന പട്ടികയില്‍ ഇന്ത്യ മൂന്നാമതാണെങ്കില്‍ ഡീസലിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനമാണ് ഉള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിനിമയ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്ത കറന്‍സികള്‍ക്ക് അവരുടെ ആഭ്യന്തര വിപണിയില്‍ വ്യത്യസ്ത വാങ്ങല്‍ ശേഷിയാണ് ഉള്ളത്. രാജ്യങ്ങളിലെ വരുമാനനിരക്കും വ്യത്യസ്തമാണ്. പശ്ചാത്യ രാജ്യങ്ങളുടെ കാര്യമെടുത്താല്‍ പ്രതിദിന വരുമാനത്തിന്റെ ഒരംശം മാത്രമാണ് ഒരു ലിറ്റര്‍ പെട്രോളിനു വേണ്ടി ചെലവാകുന്നത്. 

എന്നാല്‍ ഇന്ത്യയില്‍ പ്രതിദിന വരുമാനത്തിന്റെ നാലിലൊരു ഭാഗവും ഒരു ലിറ്റര്‍ പെട്രോളിനുവേണ്ടി ചെലവഴിക്കേണ്ടി വരുന്നു. ഡോളറിന് 75.84 രൂപ എന്ന വിനിമയ നിരക്കിൽ കണക്കാക്കിയാല്‍ പെട്രോള്‍ ലിറ്ററിന് 120 രൂപ എന്നത് 1.58 ഡോളറാണ്. എന്നാല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) കണക്ക് അനുസരിച്ച് 2022ലെ ഡോളറിന്റെ വാങ്ങല്‍ ശേഷി 22.6 രൂപയാണ്. ഈ രീതിയില്‍ പെട്രോള്‍ വില ഡോളറിന്റെ വാങ്ങല്‍ ശേഷിയിലേക്ക് മാറ്റിയാല്‍ ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 5.2 ഡോളര്‍ വിലയാകും. ഒരു ലിറ്റര്‍ ഡീസലിന് വാങ്ങല്‍ശേഷി ഇന്ത്യയില്‍ 4.6 ഡോളറാണെന്നും കണക്കുകള്‍ പറയുന്നു. പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യങ്ങളുടെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ സുഡാനും ലാവോസുമാണ് ഉള്ളത്. 

ഈ രാജ്യങ്ങളിലെ പെട്രോള്‍ വില ഡോളറിന്റെ വാങ്ങല്‍ശേഷിയില്‍ യഥാക്രമം 8, 5.6 എന്നിങ്ങനെയാണ്. ഒരു ലിറ്റര്‍ പാചക വാതകത്തിന് ഇന്ത്യയിലെ വില 3.5 ഡോളറാണ്. തുര്‍ക്കി, ഫിജി, മോള്‍ഡോവ, ഉക്രെയ്ന്‍ എന്നിങ്ങനെയാണ് തൊട്ടുടുത്ത സ്ഥാനങ്ങളിലുള്ളത്. സ്വിറ്റ്‌സര്‍ലന്റ്, കാനഡ, യുകെ എന്നിവിടങ്ങളില്‍ ഒരു ലിറ്റര്‍ എല്‍പിജിയുടെ വാങ്ങല്‍ശേഷി ഒരു ഡോളറാണ്. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും പാകിസ്ഥാനും ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങി വില്‍ക്കുന്ന നേപ്പാളുമൊക്കെ വാങ്ങല്‍ ശേഷിയില്‍ ഇന്ത്യക്കാരേക്കാള്‍ മുന്നിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Summary:India has the high­est LPG price in the world
You may also like this video

Exit mobile version