Site iconSite icon Janayugom Online

ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷയരോഗ കേസുകള്‍ ഇന്ത്യയില്‍: ഡബ്ല്യുഎച്ച്ഒ

2024ൽ ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആഗോള കേസുകളിൽ 25 % ഇന്ത്യയിലാണ്. 2015 മുതൽ 2024 വരെ ഇന്ത്യയിലെ രോഗബാധയില്‍ 21% കുറവുണ്ടായതായും ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളതലത്തിലെ ക്ഷയരോഗബാധിതരുടെ 67 % എട്ട് രാജ്യങ്ങളിലായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 25 ശതമാനവുമായി ഇന്ത്യയാണ് മുന്നില്‍. രാജ്യത്ത് ഒരു ലക്ഷം ആളുകളില്‍ 187 പേര്‍ക്ക് ക്ഷയരോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. 2015ല്‍ ഇത് ഒരു ലക്ഷത്തില്‍ 237 എന്ന നിരക്കിലായിരുന്നു. എന്നാല്‍ 2024ല്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ ക്ഷയരോഗ കേസുകളില്‍ 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2025ല്‍ ഇത് ഒരു ലക്ഷം ജനസംഖ്യയില്‍ 77 കേസുകളാക്കി കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യക്ക് പിന്നില്‍ ഇന്തോനേഷ്യ (10%), ഫിലിപ്പീൻസ് (6.8%), ചൈന (6.5%), പാകിസ്ഥാൻ (6.3%) എന്നീ രാജ്യങ്ങളുണ്ട്. നൈജീരിയ (4.8%), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (3.9%), ബംഗ്ലാദേശ് (3.6%) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.
അതേസമയം 2030 ആകുമ്പോഴേക്കും ക്ഷയരോഗം ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. ഡബ്ല്യുഎച്ച്ഒ യുടെ റിപ്പോര്‍ട്ട് പ്രകാരം, 2024ല്‍ ഇന്ത്യയിലെ ക്ഷയരോഗ മരണനിരക്ക് ഒരു ലക്ഷം ജനസംഖ്യയില്‍ 21 ആയി കുറഞ്ഞിട്ടുണ്ടെന്നും പറയുന്നു. പക്ഷേ ഇത് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. 2025-ഓടെ ക്ഷയരോഗികളുടെ എണ്ണം ഒരു ലക്ഷം ജനസംഖ്യയിൽ 77 ആയി കുറയ്ക്കുക എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ ക്ഷയരോഗ നിർമാർജന ലക്ഷ്യം. അതേസമയം ക്ഷയരോഗ ചികിത്സാ കവറേജ് 2015‑ലെ 53% ൽ നിന്ന് 2024‑ൽ 92% ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു.

ലോകമെമ്പാടുമുള്ള മരുന്ന് പ്രതിരോധശേഷിയുള്ള ക്ഷയരോഗ കേസുകളിൽ മൂന്നിലൊന്ന് (32%) ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നത് പുതിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. മൾട്ടി-ഡ്രഗ് റെസിസ്റ്റന്റ് (എംഡിആര്‍) ടിബി, റിഫാംപിസിൻ റെസിസ്റ്റന്റ് (ആര്‍ആര്‍) ടിബി എന്നിവ ബാധിച്ചവരിൽ പകുതിയിലധികം പേരും ഇന്ത്യയടക്കം നാല് രാജ്യങ്ങളിലുള്ളവരാണ്. ചൈന, ഫിലിപ്പീൻസ്(7% വീതം), റഷ്യ (6.7%) എന്നിങ്ങനെയാണ് കണക്കുകള്‍. 2024‑ൽ മരുന്ന് പ്രതിരോധശേഷിയുള്ള ക്ഷയരോഗത്തിന് 1,64,000‑ൽ അധികം പേർ ചികിത്സ തേടിയെന്ന് കണക്കുകള്‍ പറയുന്നു,

Exit mobile version