2023ല്‍ രാജ്യത്തെ 14.4 ലക്ഷം കുട്ടികള്‍ക്ക് പതിവ് വാക്സിന്‍ ലഭിച്ചില്ലെന്ന് ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. മാരകമായ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവയ്പിന്റെ അഭാവം കുട്ടികളുടെ ജീവന് ഭീഷണിയായ രോഗങ്ങളിലേക്ക് നയിക്കുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാത്ത, ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡ് വാക്സിന്‍ കവറേജ് കൊളാബറേറ്റേഴ‍്സിന്റെ പുതിയ വിശകലനം. 2023ല്‍ ലോകമെമ്പാടും വാക്സിന്‍ എടുക്കാത്ത 1.57 കോടി കുട്ടികളില്‍ പകുതിയിലേറെയും എട്ട് രാജ്യങ്ങളിലാണ്. ഇത് ദക്ഷിണേഷ്യയില്‍ 13 ശതമാനവും ഉപ സഹാറന്‍ ആഫ്രിക്കയില്‍ 53 ശതമാനവുമാണ്. നൈജീരിയ 24.8 ലക്ഷം, ഇന്ത്യ 14.4 ലക്ഷം, കോംഗോ 8,82,000, എത്യോപ്യ 7,82,000, സൊമാലിയ 7,10,000, സുഡാന്‍ 6,27,000, ഇന്തോനേഷ്യ 5,38,000, ബ്രസീല്‍ 4,52,000 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം. വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും എടുക്കാനുള്ള മടിയും പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടാകണമെന്നും അല്ലെങ്കില്‍ 2030ലെ രോഗപ്രതിരോധ ലക്ഷ്യങ്ങള്‍ ലോകത്തിന് നഷ്ടപ്പെടുമെന്നും ലാന്‍സെന്റിന്റെ പ്രധാന ഗവേഷകയായ ഡോ. എമിലി ഹ്യൂസര്‍ പറഞ്ഞു. വാക്സിന്‍ ലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ വിതരണവും ലഭ്യതയും മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്നതാണ് വെല്ലുവിളിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പോളിയോ, ടെറ്റനസ്, തൊണ്ടമുള്ള്, ക്ഷയം, മീസില്‍സ്, റുബെല്ല, പെര്‍ട്ടുസിസ്, മമ്പ്സ്, ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈപ്പ് ബി, സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ, റോട്ടവൈറസ്, വാരിസെല്ല മുതലായവയെ പ്രതിരോധിക്കാന്‍ ലോകമെമ്പാടുമുള്ള എല്ലാ കുട്ടികള്‍ക്ക് 11:3 എന്ന സംയുക്ത വാക്സിന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു. 2010നും 19നും ഇടയില്‍ 204 രാജ്യങ്ങളില്‍ 100 ഇടത്തും അഞ്ചാംപനി വാക്സിനേഷന്‍ കുറഞ്ഞു. 2023ല്‍ ഏകദേശം 1.57 കോടി കുട്ടികള്‍ക്ക് ഒരു വയസില്‍ തൊണ്ടമുള്ള്, ടെറ്റനസ്, പെര്‍ട്ടുസിസ് വാക്സിനുകളുടെ ഒരു ഡോസും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ സര്‍ക്കാര്‍ നടത്തുന്ന യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിക്ക് കീഴില്‍ 12 രോഗങ്ങള്‍ക്കെതിരായ വാക്സിനുകള്‍ എല്ലാ കുട്ടികള്‍ക്കും, നിശ്ചിത പ്രായത്തിലുള്ള ഗര്‍ഭിണികള്‍ക്കും സൗജന്യമായി നല്‍കുന്നു.
ഏറ്റവും കൂടുതല്‍ സീറോ ഡോസ് കുട്ടികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ സ്ഥിരമായി ഇടം നേടിയിട്ടുണ്ട്. 1980ല്‍ സീറോ ഡോസ് കുട്ടികളുടെ 53.5 ശതമാനം ഇന്ത്യ, ചൈന, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലായിരുന്നു. 2019 ആയപ്പോഴേക്കും അവരില്‍ ഭൂരിഭാഗവും നൈജീരിയ, ഇന്ത്യ, എത്യോപ്യ, കോംഗോ, ബ്രസീല്‍, സൊമാലിയ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലാണ്.

