Site icon Janayugom Online

താലിബാനുമായി ഇന്ത്യ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി

താലിബാനുമായി ഇന്ത്യ ദോഹയില്‍ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും താലിബാന്റെ ഉപരാഷ്ട്രീയ മേധാവി ഷേര്‍ മൊഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായും തമ്മില്‍ ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ചര്‍ച്ച നടത്തിയത് താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമാണെന്നും ഇന്ത്യ അറിയിച്ചു. 

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ, അവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ചര്‍ച്ചയുടെ ഭാഗമായതായും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. അഫ്ഗാന്‍ പ്രദേശങ്ങള്‍ ഭീകരര്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ഈ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിശോധിക്കുമെന്ന് സ്റ്റാനിക്‌സായ് ഉറപ്പുനല്‍കിയതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു. ശീതയുദ്ധകാലത്ത് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടിയ സെെനിക ഉദ്യോഗസ്ഥനായിരുന്നു താലിബാന്റെ ഉപരാഷ്ട്രീയ മേധാവിയായ ഷേര്‍ അബ്ബാസ് മൊഹമ്മദ് സ്റ്റാനിക്‌സായ്.

യുഎസ് സെെന്യത്തിന്റെ കാബൂളില്‍ നിന്നുള്ള പിന്മാറ്റം പൂര്‍ണമായതിന് മണിക്കുറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യ താലിബാന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത്. ഇന്ത്യയുമായി നയതന്ത്ര, വാണിജ്യ, രാഷ്ട്രീയബന്ധത്തിന് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരു ഇന്ത്യന്‍ വാര്‍ത്താ ചാനലിന് ദോഹയില്‍ നല്കിയ അഭിമുഖത്തില്‍ സ്റ്റാനിക്‌സായ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തിലൂടെ അധികാരത്തിലെത്തുന്ന ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടായിരുന്നു ഇന്ത്യ ആദ്യം സ്വീകരിച്ചിരുന്നത്. 

ENGLISH SUMMARY:India holds first offi­cial meet­ing with Taliban
You may also like this video

Exit mobile version