Site iconSite icon Janayugom Online

നേട്ടങ്ങളില്‍ ഇന്ത്യ; ബഹിരാകാശ കൃഷി, റോബോട്ടിക് യന്ത്രക്കൈ

ബഹിരാകാശ ഗവേഷണ രംഗത്ത് സുവര്‍ണ ചരിത്രമെഴുതി ഇന്ത്യ. ജീവന്റെ തുടിപ്പുകളായി ഐഎസ്ആര്‍ഒയുടെ ക്രോപ്സ് പേലോഡ് പരീക്ഷണത്തില്‍ പയര്‍വിത്തുകള്‍ മുളച്ചു. ഒപ്പം റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ (ആർആർഎം-ടിഡി) എന്ന സ്വതന്ത്രമായി ചലിക്കാന്‍ കഴിയുന്ന യന്ത്രക്കൈയുടെ പ്രവർത്തന പരീക്ഷണം വിജയകരം.  ‘സ്പാഡെക്സ്’ ദൗത്യത്തിനൊപ്പമുള്ള പോയെം 4 (പിഎസ്എൽവി ഓർബിറ്റൽ എക്സ്‌പിരിമെന്റ് മൊഡ്യൂൾ) ലെ നിര്‍ണായകമായ രണ്ട് പരീക്ഷണങ്ങളാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം വിഎസ്എസ്‌സി രൂപകല്പന ചെയ്തതാണ് കോംപാക്റ്റ് റിസർച്ച് മൊഡ്യൂൾ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് (ക്രോപ്സ്) പരീക്ഷണം. ഇതിന്റെ ഭാഗമായി എട്ട് വൻപയർ വിത്തുകളാണ് ബഹിരാകാശത്തുവച്ച് മുളപ്പിച്ചത്. രണ്ട് ഇലകളാകുന്നതുവരെയുള്ള സസ്യത്തിന്റെ നിലനില്‍പ്പ് ഇതിലൂടെ പരിശോധിക്കും.

ഡിസംബർ 31 നായിരുന്നു സ്പാഡെക്സ് വിക്ഷേപണം. മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തില്‍ ഏഴ് ദിവസത്തിനുള്ളിൽ വിത്തുകള്‍ മുളയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നാല് ദിവസത്തിനുള്ളിൽ വിത്ത് മുളച്ചതായി ഐഎസ്ആർഒ അറിയിച്ചു. 350 കിലോമീറ്റര്‍ ഉയരത്തിലാണ് പിഎസ്എല്‍വി സി60 റോക്കറ്റ് ദൗത്യത്തിന്റെ നാലാംഘട്ടമായി പോയെം 4 മൊഡ്യൂള്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നത്.
ഐഎസ്ആര്‍ഒയുടെ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റിലാണ് വാക്കിങ് റോബോട്ടിക് ആം വികസിപ്പിച്ചെടുത്തത്. യന്ത്രക്കൈ വിജയകരമായി പ്രവർത്തിപ്പിക്കുന്നതിന്റെ വീഡിയോ ഐഎസ്ആര്‍ഒ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു. ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഇടംനേടി. ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റോബോട്ടിക് ആം പരീക്ഷണവിജയം ഏറെ കരുത്താകും. ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള കാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ എന്നിവയെല്ലാം റോബോട്ടിക് ആമിലുണ്ട്.
24 പരീക്ഷണോപകരണങ്ങള്‍ അടങ്ങിയതാണ് പോയെം 4 മൊഡ്യൂള്‍. ഇവയില്‍ 14 എണ്ണം ഐഎസ്ആർഒയും ബഹിരാകാശ ഗവേഷണ വകുപ്പും നിർമ്മിച്ചതാണ്. വിഎസ്എസ്‌സി രൂപകല്പന ചെയ്ത ഡെബ്രിസ് ക്യാപ്ചർ റോബോട്ടിക് മാനിപ്പുലേറ്റർ എന്ന രണ്ടാമതൊരു യന്ത്രക്കൈയും ഇതില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശത്ത് വളരെ വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളെ കൈക്കലാക്കി സുരക്ഷിതമായി പേടകത്തിന് സമീപമെത്തിക്കാൻ ഈ യന്ത്രക്കൈ സഹായിക്കും. സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ചവയാണ് ബാക്കി 10 ഉപകരണങ്ങൾ. ആന്ധ്രാപ്രദേശ് ആസ്ഥാനമായ എന്‍സ്പേസ് ടെക് തദ്ദേശീയമായി വികസിപ്പിച്ച അൾട്രാ-ഹൈ-ഫ്രീക്വൻസി കമ്മ്യൂണിക്കേഷൻ സിസ്റ്റം കഴിഞ്ഞദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു.

സ്പേസ് ഡോക്കിങ്ങിന് സജ്ജം

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം ഏഴിന് നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിൽ ചേസര്‍, ടാര്‍ജറ്റ് ഉപഗ്രഹങ്ങളെ ഡോക്ക് ചെയ്യാനാണ് പദ്ധതി. ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാകും ഉപഗ്രഹങ്ങളെ നിയന്ത്രിക്കുക. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ വിജയകരമായി സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. 470 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന ചേസർ ഉപഗ്രഹത്തിന്റെ സെൽഫി വീഡിയോയും ഐഎസ്ആർഒ ഇന്നലെ പുറത്തുവിട്ടു.

Exit mobile version