Site icon Janayugom Online

ഇന്ത്യ മതേതര രാജ്യം; വിശ്വാസം അടിച്ചേല്പിക്കാനാവില്ല

ഇന്ത്യ മതേതര രാജ്യമാണെന്നും എല്ലാവര്‍ക്കും സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതിന് അവകാശമുണ്ടെന്നും സുപ്രീം കോടതി. ശ്രീശ്രീ താക്കൂര്‍ അനുകുല്‍ ചന്ദ്രയെ പരമാത്മ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരുടെ നിരീക്ഷണം. ഹര്‍ജി പ്രശസ്തിക്കു വേണ്ടി സമര്‍പ്പിച്ചതാണെന്നു വിലയിരുത്തിയ കോടതി ഒരു ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവിട്ടു.

ഉപേന്ദ്ര നാഥ് ദലൈ എന്നയാളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ അതില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി വായിക്കാന്‍ തുടങ്ങിയ ഹര്‍ജിക്കാരനെ കോടതി തടഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ പ്രഭാഷണം കേള്‍ക്കാന്‍ ഇരിക്കുകയല്ല എന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. ഹര്‍ജിയിലേത് എന്ത് ആവശ്യമാണെന്ന് കോടതി ആരാഞ്ഞു. എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കണമെന്ന് ഞങ്ങള്‍ക്കെങ്ങനെ പറയാനാവും? നിങ്ങള്‍ക്കു വേണമെങ്കില്‍ അദ്ദേഹത്തെ പരമാത്മ ആയി കരുതിക്കോളൂ, മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്തിന്? — കോടതി പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. ശ്രീ ശ്രീ താക്കൂര്‍ അനുകുല്‍ ചന്ദ്രയെ എല്ലാവരും പരമാത്മാ ആയി കാണണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതൊരു പൊതുതാല്പര്യ ഹര്‍ജിയല്ല, മറിച്ച്‌ പ്രശസ്തി താല്പര്യ ഹര്‍ജിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: India Is A Sec­u­lar Coun­try” : Supreme Court
You may also like this video

Exit mobile version