Site iconSite icon Janayugom Online

ഇന്ത്യ യുഎസില്‍ നിന്നും ജാവലിൻ മിസൈല്‍ വാങ്ങുന്നു

ഇന്ത്യക്ക് മിസൈലുകൾ ഉൾപ്പെടെ 92.8 ദശലക്ഷം ഡോളറിന്റെ (ഏകദേശം 760 കോടി രൂപ) ഉപകരണങ്ങൾ വിൽക്കാൻ യുഎസ്. ടാങ്ക് വേധ മിസൈലായ ജാവലിൻ, കൃത്യതയാർന്ന ആക്രമണത്തിന് സഹായിക്കുന്ന എക്‌സ്‌കാലിബർ ആർട്ടിലറി വെടിക്കോപ്പുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. അതേസമയം പ്രതിരോധ രംഗത്ത് വലിയ വികസനം നടത്തിയെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് യുഎസില്‍ നിന്നുള്ള ആയുധം വാങ്ങല്‍. കരാറിന് ആവശ്യമായ സർട്ടിഫിക്കേഷനുകൾ നൽകിയതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ്‌സിഎ) കോൺഗ്രസിനെ അറിയിച്ചു. യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്ത ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന നീക്കമാണിതെന്നും ഇതിലൂടെ, അമേരിക്കയുടെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുമെന്നും ഏജൻസി പറഞ്ഞു.

45.7 ദശലക്ഷം ഡോളർ ജാവലിൻ മിസൈൽ സംവിധാനങ്ങൾക്കും, 47.1 ദശലക്ഷം ഡോളർ എക്‌സ്‌കാലിബർ പ്രൊജക്‌ടൈലുകൾക്കുമായാണ് ചെലവഴിക്കുന്നത്. ശത്രു ടാങ്കുകളുടെ ഏറ്റവും ദുർബലമായ മുകൾഭാഗം ലക്ഷ്യമാക്കി ആക്രമിക്കാൻ സാധിക്കുന്ന ‘ടോപ്പ് അറ്റാക്ക്’ മോഡാണ് ജാവലിൻ മിസൈലുകളുടെ പ്രത്യേകത. 250 ജാവലിൻ എഫ്ജിഎം-148 മിസൈലുകളും, 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകളും പാക്കേജിലുണ്ടാകും. 155 എംഎം തോക്കുകളിൽ ഉപയോഗിക്കാവുന്ന എക്‌സ്‌കാലിബർ പ്രൊജക്‌ടൈലുകൾ ദീർഘദൂര ലക്ഷ്യങ്ങൾ അതീവ കൃത്യതയോടെ തകർക്കാൻ സഹായിക്കുന്നവയാണ്. 

ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള ആയുധശേഖരവുമായി ഒത്തുപോകുന്നതാണ് പുതിയ സംവിധാനങ്ങളെന്നും, ഇവ സൈന്യത്തിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലകളിലെ രാഷ്ട്രീയ സ്ഥിരത, സമാധാനം, സാമ്പത്തിക പുരോഗതി എന്നിവയ്ക്കുള്ള ഒരു പ്രധാന ശക്തിയായി തുടരുന്ന ഒരു പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും ഇന്ത്യയുടെ സുരക്ഷ ഈ വില്പനയിലൂടെ മെച്ചപ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി. 

Exit mobile version