Site iconSite icon Janayugom Online

വ്യോമ പ്രതിരോധത്തിലും ഇന്ത്യ മുന്നില്‍

വ്യോമ പ്രതിരോധത്തിലും പാകിസ്ഥാനേക്കാള്‍ ഇന്ത്യ ഒരുപടി മുന്നില്‍. യുദ്ധസമാനമായ അന്തരീക്ഷം മുന്‍കൂട്ടി കണ്ട് ഇന്ത്യയും പാകിസ്ഥാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ നവീന വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ഏഴയലത്തുപോലും എത്താന്‍ പാകിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. പ്രതിരോധ മേഖലയ്ക്കായി പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ഇന്ത്യ ചെലവഴിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഞെരുക്കം മൂലം വ്യോമ പ്രതിരോധ മേഖല കൂടുതല്‍ വികസിപ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. പാകിസ്ഥാന്റെ പരിമിതവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധ മേഖല വളരെ ഉയരത്തിലാണ്.

ഫൈറ്റര്‍ ജെറ്റു മുതല്‍ ബാലിസ്റ്റിക് മിസൈല്‍ വരെയുള്ള വിവിധ വ്യോമഭീഷണികള്‍ നേരിടുന്നതിന് ഇന്ത്യ സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യയുടെ എസ് 400 ട്രയംഫ് സ്വന്തമാക്കിയത് ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന് കൂടുതല്‍ ശക്തിപകര്‍ന്നു. പാകിസ്ഥാനില്‍ നിന്നും വ്യോമമാര്‍ഗമുള്ള ഏതു ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ എസ് 400 ട്രയംഫിന് സാധിക്കും. പരമാവധി 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുവിമാനങ്ങളെയോ മിസൈലുകളെയോ ഇവ ഉപയോഗിച്ച് തകര്‍ക്കാനാകും. ശത്രുരാജ്യത്തിന്റെ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തുന്നതിനു മുമ്പ് തന്നെ എസ് 400 ട്രയംഫ് അത് ചാരമാക്കും. പ്രതിരോധ കേന്ദ്രങ്ങള്‍, മെട്രോ സിറ്റികള്‍, ആണവായുധ കേന്ദ്രങ്ങള്‍ എന്നിവയ്ക്കു നേരയുള്ള ആക്രമണങ്ങള്‍ നേരിടുന്നതിനായി ഇന്ത്യ രൂപകല്പന ചെയ്ത മിസൈലാണ് ബരാക് 8. ഇവ രാജ്യത്തെ സംരക്ഷിക്കുന്ന കവചമായി പ്രവര്‍ത്തിക്കുന്നു. ഇസ്രയേലുമായി സഹകരിച്ചാണ് ഇന്ത്യ ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. 70 മുതല്‍ 100 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇവയ്ക്ക് പാകിസ്ഥാന്റെ സബ്സോണിക് ക്രൂയിസ് മിസൈലുകളെ പോലും തരിപ്പണമാക്കാന്‍ സാധിക്കും.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഹ്രസ്വ ദൂര സര്‍ഫേസ് ടു എയര്‍ മിസൈല്‍വേധ സംവിധാനമാണ് ആകാശ്. ഒരേസമയം നാല് ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ പറ്റുമെന്നതാണ് പ്രത്യേകത. 4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെയാണ് ആക്രമണ പരിധി. പൈത്തണ്‍ 5, ഡെര്‍ബി മിസൈലുകള്‍ എന്നിവ സജ്ജീകരിച്ച ഇസ്രയേലി സ്പൈഡര്‍ സിസ്റ്റവും രാജ്യത്തിന്റെ പ്രധാന പ്രതിരോധ സംവിധാനമാണ്. 25–30 ദൂരപരിധിയില്‍ ദ്രുത പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുന്ന ക്യുആര്‍എസ്എഎമ്മും പ്രധാനമായും നാവിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എസ്ആര്‍എസ്എഎമ്മും ഇന്ത്യയുടെ മികച്ച വ്യോമ പ്രതിരോധങ്ങളാണ്. ഐഎന്‍എസ് വിക്രാന്ത് പോലുള്ള യുദ്ധക്കപ്പലുകളെ മറ്റ് ഭീഷണികളില്‍ നിന്ന് സംരക്ഷിക്കാന്‍ പോന്നവയാണ് ഇവ. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതലായും എഇഎസ്എ റഡാര്‍ ടെക്നോളജിക്ക് പ്രാധാന്യം നല്‍കുന്നതാണ്. ജാമിങ് പ്രതിരോധിക്കാനും അപകടങ്ങള്‍ ട്രാക്ക് ചെയ്ത് കണ്ടുപിടിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

പാകിസ്ഥാന് ചൈന ആശ്രയം

വ്യോമ പ്രതിരോധത്തില്‍ പാകിസ്ഥാന് ചൈന തന്നെ ആശ്രയം. എച്ച്ക്യു-9 പി സംവിധാനമാണ് പാകിസ്ഥാന്‍ വ്യോമ പ്രതിരോധത്തിന്റെ നട്ടെല്ല്. 100–200 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ദൂരപരിധി. ഇത് സുഖോയ്-30 എംകെഐ, റാഫാല്‍ പോലുള്ള ഇന്ത്യന്‍ വിമാനങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. എന്നിരുന്നാലും എസ് 400 ട്രയംഫിനൊപ്പം വരില്ല. കറാച്ചി, റാവല്‍പിണ്ടി എന്നീ തന്ത്രപ്രധാന നഗരങ്ങളിലാണ് ഇത് വിന്യസിപ്പിച്ചിരിക്കുന്നത്. 40–70 കിലോമീറ്റര്‍ ദൂരപരിധിയുള്ള എല്‍വൈ-80 യാണ് പാകിസ്ഥാന്റെ മറ്റൊരു പ്രതിരോധ സംവിധാനം. ക്രൂയിസ് മിസൈലുകള്‍ പോലുള്ള സബ്സോണിക് ഭീഷണികള്‍ക്കെതിരെ ഫലപ്രദമാണെങ്കിലും ഇന്ത്യയുടെ ബ്രഹ്മോസ് പോലുള്ള അതിവേഗ ക്രൂയിസ് മിസൈലുകളെ തകര്‍ക്കാന്‍ ഇവയ്ക്ക് സാധിക്കില്ല. എഫ്എം-90, ക്രോട്ടേല്‍, എംപിക്യു-64 സെന്റിനെല്‍ തുടങ്ങിയവയാണ് പാകിസ്ഥാന്റെ മറ്റ് പ്രതിരോധ സംവിധാനങ്ങള്‍.

Exit mobile version