Site iconSite icon Janayugom Online

ഇന്ത്യ ബിസിനസ് സൗഹൃദ രാജ്യമല്ല ; ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ ഡൊണാൾഡ് ട്രംപ്

ഇന്ത്യ ബിസിനസ് സൗഹൃദ രാജ്യമല്ലെന്നും ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും അതെ നികുതി തിരികെ ചുമത്തും . വ്യാപാര കാര്യത്തിൽ ശത്രു രാജ്യങ്ങളെക്കാൾ മോശമാണ് സഖ്യ രാജ്യങ്ങളെന്നും ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് നയം വ്യക്തമാക്കിയത് . ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞു. വ്യാപാര നയതന്ത്ര മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് കൂടിക്കാഴ്ചയിലുണ്ടായത്.

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽനിന്ന് കൂടുതൽ ഇന്ധനം വാങ്ങാനും കരാറായി. പ്രസിഡന്റ് ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ ‑അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്ന് മോഡി പറഞ്ഞു. ഇന്ത്യ അമേരിക്കയിൽ നിന്ന് എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, വാതകം എന്നിവ വളരെ കൂടുതൽ വാങ്ങാൻ പോകുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറ‍ഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ രണ്ടാമൂഴത്തിൽ ഇരട്ടി വേഗതയിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

വ്യാപാര ബന്ധത്തിൽ ഇന്ത്യയോട് കടുപ്പിച്ചാൽ ഒരുമിച്ച് എങ്ങിനെ ചൈനയെ നേരിടുമെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണെന്നയിരുന്നു മോഡിയുടെ മറുപടി. രാജ്യ താല്പര്യങ്ങൾ പരമോന്നതമാക്കി പ്രവർത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോഡി പറഞ്ഞു. റഷ്യ ‑ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പുട്ടിനുമായി ട്രംപിന്റെ ഫോൺ സംഭാഷണം നിർണായകമാകുമെന്ന് മോഡി പറഞ്ഞു. ഈ വർഷം മുതൽ ഇന്ത്യക്ക് കൂടുതൽ ആയുധങ്ങൾ, എഫ് 35 യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ നൽകുമെന്ന് ട്രംപും വ്യക്തമാക്കി. 

Exit mobile version