Site iconSite icon Janayugom Online

പ്ലാസ്റ്റിക് മാലിന്യത്തില്‍ ഇന്ത്യ ഒന്നാമത്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നത് ഇന്ത്യയെന്ന് പഠനം. പ്രതിവര്‍ഷം 93 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് രാജ്യം പുറന്തള്ളുന്നത്. അതായത് ഓരോ ദിവസവും ഒരാള്‍ 120 ഗ്രാം പ്ലാസ്റ്റിക് മാലിന്യം വീതം പുറന്തള്ളുന്നു. ആഗോളതലത്തില്‍ ആകെ പുറന്തള്ളുന്നതിന്റെ അഞ്ചിലൊന്ന് വരുമിത്. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാല ഇതുസംബന്ധിച്ചു നടത്തിയ പഠനം നേച്ചര്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ശേഖരിക്കപ്പെടാതെ കത്തിക്കുന്നതും അസംഘടിത മേഖലയില്‍ പുനഃചംക്രമണം ചെയ്യുന്നതുമുള്‍പ്പെടെ ഗ്രാമീണ മേഖലയിലെ മാലിന്യം ഉള്‍പ്പെടുത്താത്ത കണക്കാണിത്. 

ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നത് ചൈനയെന്നായിരുന്നു നേരത്തെയുള്ള പഠനം. കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജന സംവിധാനം, നിയന്ത്രണം എന്നിവയിലൂടെ ചൈന നാലാം സ്ഥാനത്തേക്ക് മാറി. നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ബാഗ്, സ്ട്രോ, കുപ്പി തുടങ്ങി ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്നവയാണ് ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ ഏറ്റവും കൂടുതല്‍. മിനിറ്റുകള്‍ക്കുള്ളില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഇത്തരത്തിലുള്ള വസ്തുക്കള്‍ അഴുകാന്‍ നൂറുകണക്കിന് വര്‍ഷം വേണ്ടിവരും. മാലിന്യ നിര്‍മ്മാര്‍ജനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വിവേചനരഹിതമായ പുറന്തള്ളല്‍ എന്നിവ മാലിന്യത്തിന്റെ ആഘാതം കൂട്ടുന്നു. 

ടെട്ര പാക്ക്, പ്ലാസ്റ്റിക് ബാഗ്, ബോട്ടില്‍, റാപ്പേഴ്സ് തുടങ്ങിയവയാണ് ഇന്ത്യയുടെ മാലിന്യത്തില്‍ കൂടുതല്‍ പങ്കുമെന്ന് ദെയര്‍ ഈസ് നൊ എര്‍ത്ത് ബി എന്ന സംഘടനയിലെ വോളണ്ടിയര്‍മാരായ ഫര്യാദുര്‍, ഭാവന എന്നിവര്‍ പറയുന്നു. കാടുകള്‍, തീരദേശം, തടാകം, പര്‍വതങ്ങള്‍ തുടങ്ങി പരിസ്ഥിതിലോല മേഖലകള്‍ ഉള്‍പ്പെടെ ഈ വെല്ലുവിളി നേരിടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കടല്‍, മണ്ണ്, മനുഷ്യന്റെ ആരോഗ്യം തുടങ്ങിയവയുടെ നാശത്തിന് പ്ലാസ്റ്റിക് മലിനീകരണം കാരണമാകും. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക് മാലിന്യ ഉല്പാദനത്തില്‍ വളരെ പിന്നിലാണ് എന്നാണ് ലീഡ്സ് യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത്. 

എങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആനുപാതിക നിരക്കിൽ ഈ രാജ്യങ്ങൾ മുന്നിലെത്തുന്നു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും പ്ലാസ്റ്റിക് കത്തിക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയും ലീഡ്സ് യൂണിവേഴിസിറ്റിയുടെ പഠനം വ്യക്തമാക്കുന്നുണ്ട്. ഈ ശീലങ്ങൾ എത്രയും പെട്ടെന്ന് ഉപേക്ഷിക്കേണ്ടതാണെന്ന് ലീഡ്‌സ് യൂണിവേഴ്സിറ്റി സംഘത്തിലെ ഡോ. കോസ്റ്റസ് വെലിസ് നിർദേശിക്കുന്നു. ഓരോ വർഷവും 400 മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക് ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ മിക്കതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതും പുനരുപയോ ഗത്തിന് ബുദ്ധിമുട്ടുള്ളതുമാണ്. 

Exit mobile version