Site iconSite icon Janayugom Online

ഇന്ത്യക്ക് സമ്മര്‍ദമേറുന്നു

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കുമേല്‍ രാജ്യാന്തര സമ്മര്‍ദമേറുന്നു. അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസും യുകെയും ന്യൂസിലാന്‍ഡും രംഗത്തെത്തി. നിജ്ജര്‍ വധത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മ്മ അടക്കമുള്ള അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. തുടര്‍ന്ന് നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. നിജ്ജര്‍ വധത്തിന് അനുമതി നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതും ഇന്ത്യയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കാനഡ നടത്തി വരുന്ന അന്വേഷണത്തില്‍ രഹസ്യന്വേഷണ പങ്കാളികളായ ഫൈവ് ഐസ് എന്ന് വിശേഷിപ്പിക്കുന്ന നാല് രാജ്യങ്ങളും കൂടി പങ്കെടുത്തിരുന്നു.

അമേരിക്ക, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഫൈവ് ഐസ് കൂട്ടായ്മയിലുള്ളത്. കൊലപാതകത്തില്‍ ഇന്ത്യന്‍ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കനേഡിയന്‍ ഏജന്‍സി മറ്റ് രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് യുഎസും യുകെയും കാനഡയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. കാനഡയും ഇന്ത്യയുമായുള്ള വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കാനഡയുടെ ആരോപണങ്ങൾ ഗൗരവതരമാണ്, ഇന്ത്യ കാനഡയുടെ അന്വേഷണവുമായി സഹകരിക്കണ്ടതാണ്. പക്ഷേ ഇന്ത്യ അതിന് തയ്യാറായിട്ടില്ലെന്നും മില്ലർ പറഞ്ഞു. ഇന്ത്യയും കാനഡയും സഹകരിച്ച് പ്രവർത്തിക്കണമെന്ന് യുഎസ് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇക്കാര്യം തുടർന്നും ആവശ്യപ്പെടുമെന്നും മാത്യു മില്ലർ പറഞ്ഞു.

കനേഡിയൻ ഹൈക്കമ്മിഷണറെ പുറത്താക്കിയ ഇന്ത്യയുടെ നടപടിയെയും യുഎസ് വിമർശിച്ചു. വിഷയത്തിന്റെ പ്രസക്തി മനസിലാക്കി ഇരുരാജ്യങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നതായും മില്ലർ പറഞ്ഞു. അതേസമയം, വിവിധ മേഖലകളിലെ യുഎസ്-ഇന്ത്യ ഉഭയകക്ഷി ബന്ധം ശക്തമായി തുടരുമെന്നും മില്ലർ കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളിൽ ന്യൂസിലാൻഡും നിലപാട് വ്യക്തമാക്കി. കാനഡ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ​ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ന്യൂസിലാൻഡ് വിദേശകാര്യമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയാൻ താല്പര്യപ്പെടുന്നില്ലെന്നും പീറ്റേഴ്‌സ് കൂട്ടിച്ചേർത്തു. അതേസമയം നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിഖ് സമൂഹത്തിനോട് വിവരങ്ങൾ പങ്കുവയ്ക്കാൻ കനേഡിയൻ മൗണ്ടഡ് പൊലീസ് അഭ്യർത്ഥന നടത്തി. ഇന്ത്യൻ സർക്കാരിന്റെ കനേഡിയൻ മണ്ണിലെ നടപടികളിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാണ് നിർദേശം. കാനഡയിലുള്ള ലോറൻസ് ബിഷ്ണോയ് സംഘം ഉൾപ്പെടെയുള്ള ക്രിമിനൽ സംഘങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് മൗണ്ടഡ് പൊലീസ് ആരോപിച്ചിരുന്നു.

Exit mobile version