Site iconSite icon Janayugom Online

അധിക തൊഴില്‍ സമയത്തില്‍ ഇന്ത്യ മുന്‍നിരയില്‍

ലോകത്ത് ഏറ്റവും കൂടുതൽ തൊഴില്‍ സമയമുള്ള രാജ്യങ്ങളിൽ ഇന്ത്യ 13-ാം സ്ഥാനത്ത്. രാജ്യത്തെ തൊഴിലാളികൾ ആഴ്ചയിൽ ശരാശരി 46.7 മണിക്കൂർ ജോലിയെടുക്കുന്നതായി ആഗോള തൊഴില്‍ സംഘടന (ഐഎൽഒ) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 51 ശതമാനം ഇന്ത്യൻ ജീവനക്കാരും ആഴ്ചയിൽ 49 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നുണ്ട്. അധികസമയം ജോലി ചെയ്യുന്നവരുടെ ശതമാനക്കണക്കില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തുണ്ട്.
രാജ്യത്ത് 90 മണിക്കൂര്‍ തൊഴില്‍ സമയം കൊണ്ടുവരണമെന്ന എല്‍ ആന്റ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് അധിക ജോലിസമയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. നേരത്തെ തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂറായി വര്‍ധിപ്പിക്കണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ അഭിപ്രായവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമ്പത്തിക അഭിലാഷവും ജീവനക്കാരുടെ ക്ഷേമവും തമ്മിലുള്ള സംഘർഷമായി ഇത് വിലയിരുത്തപ്പെടുന്നു,
2023–2024 പീരിയോഡിക്കല്‍ ലേബർ ഫോഴ്‌സ് സർവേ (പിഎല്‍എഫ്എസ്) പ്രകാരം ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയില്‍ ആഴ്ചയിൽ ശരാശരി 48.2 മണിക്കൂറാണ് ജോലി ചെയ്യുന്നത്. എന്നാൽ സാധാരണ തൊഴിലാളികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഇത് 40 മണിക്കൂറിൽ താഴെയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളിലുണ്ട്. 

മെഡിബഡ്ഡിയും സിഐഐയും നടത്തിയ സർവേയിൽ 62 ശതമാനം ഇന്ത്യൻ ജീവനക്കാരും ജോലിഭാരം കാരണം തളർച്ച അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. ആഗോളതലത്തില്‍ ശരാശരി 20 ശതമാനം പേര്‍ ജോലിഭാരം കൊണ്ടുള്ള സമ്മര്‍ദം അനുഭവിക്കുന്നതായാണ് കണക്കുകള്‍. ലോകാരോഗ്യ സംഘടനയും ഐഎൽഒയും ചേർന്ന് നടത്തിയ ഗവേഷണത്തില്‍ ഉയര്‍ന്ന തൊഴില്‍ സമയം രോഗങ്ങള്‍ക്കും അകാലമരണത്തിനും കാരണമായേക്കാവുന്ന ഘടകമായി വിലയിരുത്തിയിട്ടുണ്ട്. 

ജപ്പാന്‍, ദക്ഷിണകൊറിയ, തായ്‌വാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതി അതികഠിന പ്രവര്‍ത്തന മികവിന്റെ ഉദാഹരണങ്ങളായി ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇതിന്റെ പരിണിത ഫലങ്ങളായി ജനസംഖ്യാപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഇക്കാരണത്താല്‍ ആരോഗ്യകരമായ തൊഴിൽ‑ജീവിത സന്തുലിതാവസ്ഥ രാജ്യത്ത് ആവശ്യകതയായി മാറുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പൂനെയിലെ ഏണസ്റ്റ് ആന്റ് യങ് ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്റെ മരണത്തോടെ ജോലി സമയത്തെയും ജീവനക്കാരുടെ ക്ഷേമത്തെയും കുറിച്ചുള്ള ചര്‍ച്ച സജീവമായിരുന്നു. 

ഈ സംഭവം തൊഴിൽ സംസ്‌കാരത്തെക്കുറിച്ചും ജീവനക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്ന അധിക തൊഴില്‍ സമയത്തിന്റെ സ്വാധീനത്തെക്കുറിച്ചും സർക്കാർ അന്വേഷണത്തിന് പ്രേരിപ്പിച്ചുവെങ്കിലും പ്രത്യേക നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. 

Exit mobile version