Site iconSite icon Janayugom Online

ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് ഉറപ്പുലഭിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മോഡിയും ട്രംപും സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രംപിന്റെ പ്രസ്താവന വിശ്വാസത്തിലെടുത്ത് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. നരേന്ദ്ര മോഡിക്ക് ട്രംപിനെ ഭയം എന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഇന്നലെ മോഡിയും ട്രംപും തമ്മില്‍ സംസാരിച്ചതായി തനിക്ക് അറിവില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കലുഷിതമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് രാജ്യത്തിന്റെ സ്ഥിരമായ മുൻഗണന. സ്ഥിരതയുള്ള ഊർജ വിലയും സുരക്ഷിതമായ വിതരണവുമാണ് രാജ്യത്തിന്റെ ഊർജ നയത്തിന്റെ ഇരട്ട ലക്ഷ്യങ്ങള്‍, ഇതിൽ ഊർജ സ്രോതസുകൾ വിപുലീകരിക്കുന്നതും, വിപണി സാഹചര്യങ്ങൾക്കനുസരിച്ച് വൈവിധ്യവൽക്കരിക്കുന്നതും ഉൾപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു, അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നില്ലെന്ന ഇന്ത്യയുടെ തീരുമാനം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ വലിയ ചുവടുവയ്പെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. റഷ്യ എണ്ണ വാങ്ങുന്നതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യക്കുമേല്‍ അമേരിക്ക കഴിഞ്ഞ ഓഗസ്റ്റില്‍ അധികതീരുവ ചുമത്തിയിരുന്നത്. കയറ്റുമതി ഉടന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
അതേസമയം റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് റഷ്യയും പ്രതികരിച്ചു. ഇന്ത്യൻ സര്‍ക്കാരിന്റെ നയത്തിന് അനുസരിച്ചാണ് തങ്ങൾ മുന്നോട്ട് പോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും താല്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങൾ റഷ്യ‑ഇന്ത്യ ബന്ധങ്ങൾക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക വിഷയങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നും റഷ്യ ഔദ്യോഗികമായി വ്യക്തമാക്കി.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് ഇന്ത്യക്ക് മേൽ അധിക നികുതി ഭാരം ചുമത്തിയിരുന്നു. 

Exit mobile version