ആണവ പോര്‍മുനകളുടെ എണ്ണത്തില്‍ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ. രണ്ട് ദശാബ്ദത്തിനിടെ ആദ്യമായാണ് ആണവായുധങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ മുഖ്യ എതിരാളിയെ പിന്നിലാക്കുന്നത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
കണക്കുകള്‍ പ്രകാരം ഇന്ത്യക്ക് നിലവില്‍ 189 ആണവ പോര്‍മുഖങ്ങളാണുള്ളത്. 170 പോര്‍മുഖങ്ങള്‍ മാത്രമുള്ള പാകിസ്ഥാന് ഇന്ത്യയുടെ വളര്‍ച്ച കനത്ത തിരിച്ചടിയാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് 172 ആണവ പോര്‍മുഖങ്ങളുള്ളതായാണ് പ്രതിപാദിച്ചിരുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആണവായുധശേഖരത്തില്‍ പാകിസ്ഥാനായിരുന്നു മുന്‍തൂക്കം.
1974ലാണ് രാജ്യത്തിന്റെ ആദ്യ ആണവ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്.
പാകിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷമായിരുന്നു ഈ സുപ്രധാന നീക്കം. ആദ്യ പരീക്ഷണം വിജയിച്ചതോടെ ലോകത്തിലെ ആറാമത്തെ ആണവ രാജ്യമായി ഇന്ത്യ വളര്‍ന്നു. ഇന്ത്യയുടെ ചുവടുപിടിച്ച് കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറം 1998ല്‍ പാകിസ്ഥാനും ആണവ പരീക്ഷണങ്ങള്‍ നടത്തി. എന്നാല്‍ ഇന്ത്യയുടെ അപ്രതീക്ഷിത മുന്നേറ്റം പാകിസ്ഥാന്റെ കണക്കുകൂട്ടലുകള്‍ മാറ്റിയെഴുതിച്ചു. ആണവായുധ ആധുനികവല്‍ക്കരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ശക്തികളിലൊന്നാകാന്‍ ഇന്ത്യക്ക് സാധിച്ചു. മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്റന്‍ലി ടാര്‍ജെറ്റബ്ള്‍ റീ എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതികവിദ്യ സജ്ജീകരിച്ച അഗ്നി 5 ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ പരീക്ഷണവും രാജ്യത്തിന് മുതല്‍ക്കൂട്ടായി. ആണവായുധ മിസൈല്‍ നിര്‍മ്മാണത്തിലെ ഇന്ത്യയുടെ അതിവേഗ കുതിപ്പാണിത് വ്യക്തമാക്കുന്നത്. ഒരു മിസൈലില്‍ ആണവായുധമുള്‍പ്പെടെ ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുമെന്നതും വിവിധ ലക്ഷ്യങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുമെന്നതുമാണ് ഇതിന്റെ പ്രത്യേകത.
അതേസമയം പ്രതിരോധ മേഖലയ്ക്കായി 2025–26 വര്‍ഷങ്ങളില്‍ 79 ബില്യണ്‍ ഡോളറാണ് ഇന്ത്യ നീക്കി വച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധന. എട്ട് ബില്യണ്‍ ഡോളര്‍ മാത്രമാണ് പാകിസ്ഥാന്റെ പ്രതിരോധ ബജറ്റ്.

