Site iconSite icon Janayugom Online

അട്ടാരി അതിര്‍ത്തിയില്‍ ഇന്ത്യ‑പാക് പതാക യുദ്ധം: 418 അടി ഉയരത്തില്‍ പുതിയ ദേശീയ പതാക സ്ഥാപിക്കും

ഇന്ത്യ പാക് അതിര്‍ത്തിയായ അട്ടാരിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പതാകകളുടെ ഉയരത്തിന്റെ പേരില്‍ മത്സരം തുടരുന്നു. 418 അടി ഉയരത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനുള്ള ശ്രമം ഉടന്‍ ആരംഭിക്കും. ഇതിനായുള്ള കരാര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇത് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പതാക യുദ്ധം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.

2017 മാര്‍ച്ചില്‍ 3.5 കോടി രൂപ ചെലവിലാണ് 360 അടി ഉയരമുള്ള പതാക ഇന്ത്യ അതിര്‍ത്തിയില്‍ സ്ഥാപിച്ചത്. എന്നാല്‍ അതേ വര്‍ഷം ഓഗസ്‌റ്റോടെ 400 അടി ഉയരമുള്ള പതാക പാകിസ്ഥാന്‍ സ്ഥാപിച്ചു. ഇതിന് മറുപടി നല്‍കാനാണ് ഇന്ത്യയുടെ നീക്കം. പാകിസ്ഥാന്‍ പതാകയെ അപേക്ഷിച്ച്‌ പുതിയ ത്രിവര്‍ണ പതാകയ്ക്ക് 18 അടി നീളം അധികമുണ്ടാകും. ഇരുപത് ദിവസത്തിനുള്ളില്‍ പുതിയ പതാക സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ആരംഭിക്കും.

ബിഎസ്‌എഫ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാവും പുതിയ പതാക സ്ഥാപിക്കുന്നതിനുള്ള സ്ഥലം നിര്‍ണയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ജോയിന്റ് ചെക്ക് പോസ്റ്റിന്റെ അടുത്തായുള്ള ഗ്യാലറിക്ക് സമീപമാവും ഇത്. ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കും വ്യക്തമായി പതാക കാണാന്‍ ഇതിലൂടെ കഴിയും. പുതിയ പതാക സ്ഥാപിക്കുമെങ്കിലും നിലവിലെ പതാക മാറ്റാന്‍ പദ്ധതിയില്ല. പാകിസ്ഥാന്‍ പതാകയേക്കാള്‍ ചെറുതായി തോന്നുന്ന ഇന്ത്യന്‍ ദേശീയ പതാകയുടെ ഉയരം വര്‍ധിപ്പിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നതായി ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് ഏറ്റവും ഉയരമുള്ള കൊടിമരമുള്ളത് കര്‍ണാടകയിലെ കോട്ട് കേരെയിലുള്ള ബെലഗാവി കോട്ടയിലാണ്. 361 അടിയാണ് ഇതിന്റെ ഉയരം.

Eng­lish Sum­ma­ry: India to hoist Tri­colour taller than Pak­istani flag at Attari border
You may also like this video

Exit mobile version