മൊബൈല്‍ മാല്‍വേര്‍ ആക്രമണങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ യുഎസിനെയും കാനഡയെയും മറികടന്ന് ഒന്നാമതെത്തിയതായി യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെഡ്സ്കെയിലര്‍ ത്രെറ്റ്ലാബ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ജൂണ്‍ മുതല്‍ 2024 മേയ് വരെയുള്ള കാലയളവിലെ മാല്‍വേര്‍ ഭീഷണികളുമായി ബന്ധപ്പെട്ട 2,000 കോടിയിലധികം മൊബൈല്‍ ഇടപാടുകള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആഗോളതലത്തിലുണ്ടായ മാല്‍വേര്‍ ആക്രമണങ്ങളുടെ 28 ശതമാനം ഇന്ത്യയിലാണ്. യുഎസ് 27.3 ശതമാനം, കാനഡ 15.9 ശതമാനം എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ സംരംഭങ്ങള്‍ ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ നിര്‍ണായക ആവശ്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മികവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ടാണ് അപകടഭീഷണി കൂടുതല്‍. ഒരു വര്‍ഷത്തിനിടെ ബാങ്കിങ് മാല്‍വെയര്‍ ആക്രമണങ്ങളില്‍ 29 ശതമാനവും മൊബൈല്‍ സ്പൈവേര്‍ ആക്രമണങ്ങളില്‍ 111 ശതമാനവും വര്‍ധനയുണ്ടായി.
ഉപയോക്താക്കളെ കബളിപ്പിച്ച് വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്. ഒട്ടുമിക്ക മാല്‍വേര്‍ ആക്രമണങ്ങള്‍ക്കും മള്‍ട്ടിഫാക്ടര്‍ ഓതന്റിക്കേഷന്‍ (എംഎഫ്എ) മറികടക്കാന്‍ ശേഷിയുണ്ട്. വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍, സമൂഹ മാധ്യമ സൈറ്റുകള്‍, ക്രിപ്റ്റോ വാലറ്റുകള്‍ എന്നിവയുടെ വ്യാജ ലോഗിന്‍ പേജുകള്‍ സൃഷ്ടിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്.
എച്ച്ഡിഎഫ‌്സി, ഐസിഐസിഐ, ആക്സിസ് തുടങ്ങി പ്രമുഖ ഇന്ത്യന്‍ ബാങ്കുകളുടെ മൊബൈല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഫിഷിങ് ശ്രമങ്ങള്‍ കൂടി. യഥാര്‍ത്ഥ ബാങ്കിങ് വെബ്‌സൈറ്റ് ആണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന തരത്തില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് മൊബൈല്‍ ഉപയോക്താക്കളെ കബളിപ്പിച്ച് നിര്‍ണായക ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടക്കുന്നത്.
എസ്എംഎസ് സന്ദേശങ്ങളിലൂടെ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിനെ ദുരുപയോഗം ചെയ്തും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.