Site iconSite icon Janayugom Online

ഇന്ത്യ — യുഎസ് വ്യാപാര കരാര്‍ അമേരിക്കന്‍ നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും കൊട്ടിഘോഷിക്കുന്ന ഇന്ത്യ — യുഎസ് വ്യാപാര കരാറില്‍ അടിമുടി ദുരൂഹത. കരാര്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനകം പുറത്തുവരുമെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വെളിപ്പെടുത്തിയതിന് മണിക്കറുകള്‍ക്കുള്ളില്‍ കരാര്‍ സംബന്ധിച്ച അഞ്ച് തീരുമാനങ്ങള്‍ വൈറ്റ് ഹൗസ് പുറത്ത് വിട്ടതോടെയാണ് ട്രംപിന് മോഡി വഴങ്ങിയെന്ന ധാരണ ശക്തമായത്.
ഇന്ത്യയിലെ ജനങ്ങളെയോ പാര്‍ലമെന്റിനെയോ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താതെ ഇരുട്ടിനിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് കരാര്‍ സംബന്ധിച്ച അഞ്ച് നിര്‍ണായക വിവരങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടത്. റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് യുഎസ് 18% തീരുവയാണ് ചുമത്തുക. അതേസമയം എല്ലാ യുഎസ് വ്യാവസായിക ഉല്പന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഇത് തെളിയിക്കുന്നത് മോഡി സര്‍ക്കാര്‍ ഇന്ത്യന്‍ വിപണി ട്രംപിനായി തീറെഴുതി എന്നാണ്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 50,000 കോടി ഡോളറിന്റെ യുഎസ് ഉല്പന്നങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചുവെന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള സേവന കയറ്റുമതിയെക്കുറിച്ച്, പ്രത്യേകിച്ച് ഐടി സംബന്ധിച്ച് യാതൊന്നും പറയുന്നുമില്ല. എല്ലാ യുഎസ് കാര്‍ഷികോല്പന്നങ്ങള്‍ക്കും ഇന്ത്യന്‍ വാതായനം പൂര്‍ണമായി തുറന്നിടുന്നതായും ഭക്ഷ്യ — കാര്‍ഷക ഉല്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കാനോ കുറയ്ക്കാനോ ഇന്ത്യ സമ്മതം അറിയിച്ചതായും യുഎസ് അവകാശപ്പെടുന്നു. കരാര്‍ ഇന്ത്യന്‍ കര്‍ഷകരെ ദ്രോഹിക്കില്ലെന്ന വാദം ആവര്‍ത്തിക്കുന്ന കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മുഖമടച്ചുള്ള അടിയാണ് യുഎസ് പ്രസിദ്ധീകരിച്ച കരാര്‍ രേഖ.
നേരത്തെ റഷ്യന്‍ എണ്ണ വാങ്ങിയതിന് 25% അധിക താരിഫ് ചുമത്തിയ യുഎസ്, ഭാവിയിലെ ഇന്ത്യയുടെ ഊര്‍ജ തെരഞ്ഞെടുപ്പുകള്‍ നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്ന പക്ഷം 25% താരിഫ് വീണ്ടും ചുമത്തുമെന്നും വൈറ്റ് ഹൗസ് പറയുന്നു. റഷ്യക്ക് ബദലായി വെനസ്വേലന്‍ എണ്ണ ഇറക്കുമതി ചെയ്യണമെന്ന് ട്രംപ് പലവട്ടം ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ഊര്‍ജ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുമെന്ന വാക്കുകള്‍ നിര്‍ണായകമാകും.
കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സംയുക്ത പ്രസ്താവനയിലുടെ പ്രഖ്യാപിക്കുമെന്ന വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ ഗീര്‍വാണം നിലനില്‍ക്കെയാണ് വൈറ്റ് ഹൗസ് കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇരുരാജ്യങ്ങളും സംയുക്തമായി അംഗീകരിച്ചുവെന്ന് പറയുന്ന പ്രസ്താവന യുഎസ് ഏകപക്ഷീയമായി പുറത്തുവിട്ടത് കരാറിനെക്കുറിച്ച് ന്യൂഡല്‍ഹിക്ക് വ്യക്തമായ അറിവില്ല എന്നാണ് തെളിയിക്കുന്നത്.
കരാര്‍ സംബന്ധിച്ച് മോഡിയും കൂട്ടരും നടത്തുന്ന വാചാടോപം പാടെ നിരാകരിക്കുന്നതാണ് വൈറ്റ് ഹൗസ് നടപടി. ഇതിനര്‍ത്ഥം ട്രംപിന്റെ തിരക്കഥയനുസരിച്ച് പാവകളിക്കുന്ന മോഡിയും കൂട്ടരും രാജ്യത്തെ കബളിപ്പിക്കുകയായിരുന്നു എന്നാണ്. 

Exit mobile version