ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെനറ്റ് കമ്മിറ്റിയുടെ വിദേശകാര്യ സമിതി യോഗത്തിലാണ് സെർജിയോ ഗോർ ഈ വിഷയങ്ങൾ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവയുദ്ധം അവസാനിക്കുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്നത്. ഇന്ത്യയുമായി ഒരു വ്യാപാര കരാർ യാഥാർത്ഥ്യമാക്കാൻ തീവ്രശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി അടുത്ത ആഴ്ച ഇന്ത്യയുടെ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ വാഷിങ്ടണിലേക്ക് ട്രംപ് ക്ഷണിച്ചതായും ഗോർ അറിയിച്ചു. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മറ്റു രാജ്യങ്ങളെക്കാൾ യുഎസുമായി ഇന്ത്യക്ക് അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള മോഡിയുടെ പ്രതികരണത്തെ ട്രംപ് പ്രശംസിച്ചത് ചൂണ്ടിക്കാട്ടിയാണ് ഗോറിന്റെ ഈ പ്രസ്താവന.

