Site iconSite icon Janayugom Online

ഇന്ത്യ — യുഎസ് വ്യാപാര കരാർ കർഷകദ്രോഹം; പരമാധികാരം അടിയറ വയ്ക്കുന്നു: സിപിഐ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അമേരിക്കയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാർ ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തെ തകർക്കുന്നതാണെന്നും കർഷകരെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്നും സിപിഐ. കരാറിന്റെ പൂർണരൂപം ഉടൻ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും വിദേശ സമ്മർദങ്ങൾക്ക് വഴങ്ങാതെ രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണം നിലനിർത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. അമേരിക്കയിൽ നിന്നുള്ള വൻകിട കാർഷികോല്പന്നങ്ങൾക്കും സംസ്കരിച്ച ഭക്ഷണസാധനങ്ങൾക്കും വിപണി തുറന്നുകൊടുക്കുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ചെറുകിട കർഷകരെ തകർക്കും. അമേരിക്കൻ കാർഷിക കമ്പനികൾക്ക് അവിടെ ലഭിക്കുന്ന വലിയ സബ്സിഡിയുമായി മത്സരിക്കാൻ ഇന്ത്യൻ കർഷകർക്ക് കഴിയില്ല. താങ്ങുവിലയ്ക്കും കുറഞ്ഞ നിരക്കിലുള്ള വളത്തിനും വേണ്ടി രാജ്യത്തെ കർഷകർ പോരാടുമ്പോൾ അവർക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഈ തീരുമാനം. പാലുല്പന്ന മേഖലയെയും ഇത് സാരമായി ബാധിക്കും.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി വ്യാപാര കരാറിനെ ബന്ധിപ്പിക്കുന്നത് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നത് തീരുമാനിക്കേണ്ടത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ വാഷിങ്ടണിന്റെ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ തീരുമാനങ്ങൾ മാറ്റുന്നത് അപകടകരമായ പ്രവണതയാണെന്നും ചേരിചേരാ നയത്തെ ഇത് തകർക്കുമെന്നും പാര്‍ട്ടി ജനറൽ സെക്രട്ടി ഡി രാജ പറഞ്ഞു.
പാർലമെന്റിലോ പൊതുസമൂഹത്തിലോ കരാറിന്റെ പൂർണരൂപം ചർച്ച ചെയ്യാതെയാണ് ഇത് നടപ്പിലാക്കുന്നത്. അമേരിക്കൻ കയറ്റുമതി നികുതി കുറച്ചത് വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും അതിന്റെ മറവിൽ ഇന്ത്യ നൽകേണ്ടി വന്ന വലിയ വിട്ടുവീഴ്ചകൾ ജനങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയാണ്. ഇത്തരം രഹസ്യ ധാരണകൾ ജനാധിപത്യ രീതികൾക്ക് വിരുദ്ധമാണ്. രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വൻശക്തികളുടെ സമ്മർദത്തിന് വഴങ്ങുന്ന ഉപകരണമായി ഇന്ത്യയുടെ വ്യാപാര നയം മാറരുതെന്നും സിപിഐ ആവശ്യപ്പെട്ടു. 

Exit mobile version