Site iconSite icon Janayugom Online

ദീപാവലിക്ക് ഡബിള്‍ ധമാക്ക

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ദീപാവലി വെടിക്കെട്ട് സമ്മാനിച്ച് രോഹിത് സംഘം. നെതര്‍ലന്‍ഡ്സിനെതിരെ 160 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. വെടിക്കെട്ട് സെഞ്ചുറികളുമായി ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ബാറ്റിങ് വിസ്ഫോടനമായ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത് നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 94 പന്തില്‍ 128 റണ്‍സുമായി ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. 64 പന്തില്‍ 102 റണ്‍സെടുത്ത രാഹുല്‍ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്.

രോഹിത് ശര്‍മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒമ്പതില്‍ ഒമ്പത് മത്സരവും വിജയിച്ചാണ് ഇന്ത്യ സെമിഫൈനലിന് ഇറങ്ങുക. മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്സ് 47.5 ഓവറില്‍ 250 റണ്‍സിന് ഓള്‍ഔട്ടായി. 54 റണ്‍സെടുത്ത തേജ നിഡമാനുവാണ് ഡച്ചുപടയുടെ ടോപ് സ്കോറര്‍. സൈബ്രാന്‍ഡാണ് (45) കോളിന്‍ അക്കര്‍മാന്‍ (35), മാക്സ് ഒഡൗഡ് (30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വിരാട് കോലി, രോഹിത് ശര്‍മ ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞു. വിജയമുറപ്പിച്ചിറങ്ങിയ ഇന്ത്യക്ക് മത്സരത്തില്‍ ഒരു ഘട്ടത്തിലും നെതര്‍ലന്‍ഡ്സിന് വെല്ലുവിളി ഉയര്‍ത്താനായില്ല.

ഇന്ത്യക്കായി ബുംറ, സിറാജ്, കുല്‍ദീപ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കോലി രോഹിത് ഓരോ വിക്കറ്റും നേടി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും 12-ാം ഓവറില്‍ തന്നെ ടീം സ്കോര്‍ 100ല്‍ എത്തിച്ചു. ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ സ്കോര്‍ 100ല്‍ നില്‍ക്കെ ഗില്‍ പുറത്തായി. 32 പന്തില്‍ മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത ഗില്ലിനെ പോള്‍ വാന്‍ മീകെറെന്‍ പുറത്താക്കി.

അധികം വൈകാതെ ബാസ് ഡെ ലീഡിന്റെ പന്തിൽ വെസ്‍ലി ബരേസി ക്യാച്ചെടുത്ത് രോഹിത് ശർമയെ മടക്കി. ഓപ്പണർമാരുടെ പുറത്താകലിനു ശേഷം വിരാട് കോലിയും ശ്രേയസ് അയ്യരും കൈകോര്‍ത്തു. സ്കോർ 200ൽ നിൽക്കെ കോലിയെ വാൻ‍ ഡർ മെര്‍വ് ബൗൾഡാക്കി. പിന്നീട് കെ എൽ രാഹുലിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ നടത്തിയ ‘ദീപാവലി വെടിക്കെട്ടിൽ’ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. 41. 4 ഓവറുകളിൽ‌ (250 പന്തുകൾ) ഇന്ത്യ 300 പിന്നിട്ടു. നാല് പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് അഞ്ച് സിക്സും പത്ത് ഫോറും നേടി. ലോകകപ്പില്‍ ശ്രേയസിന്റെ ആദ്യ സെഞ്ചുറിയാണിത്.

അവസാന ഓവറിലാണ് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 64 പന്തുകള്‍ മാത്ര നേരിട്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ നാല് സിക്‌സും 11 ഫോറും നേടി. ശ്രേയസിനൊപ്പം 208 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും രാഹുലിന് സാധിച്ചു. ഒരു പന്ത് മാത്രം നേരിട്ട സൂര്യകുമാര്‍ രണ്ട് റണ്‍സ് നേടി ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു. നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാന്‍ ഡെര്‍ മെര്‍വ്, വാന്‍ മീകെറെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഹിറ്റ്മാന്‍ പുതിയ സിക്സര്‍ രാജാവ്

ബംഗളൂരു: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. നെതര്‍ലന്‍ഡ്സിനെതിരെ രണ്ട് സിക്സറുകള്‍ നേടിയതോടെയാണ് രോഹിത് റെക്കോഡ് കുറിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് 2015ല്‍ സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. 2023ല്‍ ഇതുവരെ രോഹിത് 60 സിക്‌സുകളാണ് നേടിയത്. 2015‑ല്‍ ഡിവില്ലിയേഴ്‌സ് 58 സിക്‌സുകളാണ് നേടിയത്. തുടര്‍ച്ചയായി രണ്ടു ലോകകപ്പുകളില്‍ 500നു മുകളില്‍ റണ്‍സ് നേടുന്ന ആദ്യത്തെ താരമെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു.

ലോകകപ്പില്‍ ഒന്നിലേറെ തവണ 500ന് മുകളില്‍ റണ്‍സ് ചെയ്ത ഒരു താരം മാത്രമേ മുമ്പുണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു അത്. 1996, 2003 ലോകകപ്പുകളിലാണ് സച്ചിന്‍ 500 മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. ഇതുവരെ 503 റണ്‍സാണ് രോഹിത് നേടിയത്. സൗരവ് ഗാംഗുലി (465 — 2003), വിരാട് കോലി (443 — 2019), മുഹമ്മദ് അസറുദ്ദീന്‍ (1992 — 332), കപില്‍ ദേവ് (303 — 1983). എന്നിവരാണ് മറ്റു ക്യാപ്റ്റന്മാര്‍.

Eng­lish Sum­ma­ry: India vs Netherland
You may also like this video

Exit mobile version