2019 ഏകദിന ലോകകപ്പ് സെമിയിലെ കണക്ക് തീര്‍ത്ത് ഇന്ത്യ. ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ബാറ്റിങ് വെടിക്കെട്ട് നടന്ന ആവേശ മത്സരത്തില്‍ 70 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലിയുടെയും (113 പന്തില്‍ 117 റണ്‍സ്), ശ്രേയസ് അയ്യരുടെയും (70 പന്തില്‍ 105 റണ്‍സ്) സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ 48.5 ഓവറില്‍ 327 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ന്യൂസിലന്‍ഡിന്റെ അന്തകനായത്.
മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്റേത്. 39 റണ്‍സിനിടെ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ(13)യെയും രചിന്‍ രവീന്ദ്ര(13)യെയും നഷ്ടമായി. ഷമിയുടെ പന്തില്‍ ഇരുവരും വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈകളിലെത്തുകയായിരുന്നു. എന്നാല്‍ പിന്നീടൊന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ — ഡാരില്‍ മിച്ചല്‍ സഖ്യം ഇന്ത്യയെ വിറപ്പിച്ചു. 181 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. വില്യംസണെ പുറത്താക്കി ഷമിയാണ് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 73 പന്തില്‍ 69 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ ടോം ലാഥത്തെയും റണ്‍സെടുക്കാനനുവദിക്കാതെ വന്ന പോലെ ഷമി മടക്കി.
ഇതോടെ ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലായി. ഗ്ലെന്‍ ഫിലിപ്സ് മിച്ചലിനൊപ്പം ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഫിലിപ്സിനെ പുറത്താക്കി ബുംറ ഇന്ത്യക്ക് ആശ്വാസം സമ്മാനിച്ചു. 118 പന്തില്‍ 134 റണ്‍സുമായി ഡാരില്‍ മിച്ചല്‍ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ഷമിയാണ് മിച്ചലിനെ പുറത്താക്കിയത്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യക്ക് ശർമയും ശുഭ്മാന്‍ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യവിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ കോലി പതിയെയാണ് തുടങ്ങിയത്.
മറുവശത്ത് ഗില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി. കിവീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചു. മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്താന്‍ തുടങ്ങി. പിന്നെ കോലി റെക്കോഡുകള്‍ ഓരോന്നായി വെട്ടിപ്പിടിക്കുന്നതിനാണ് വാങ്കഡെ സാക്ഷ്യം വഹിച്ചത്. 22.4 ഓവറില്‍ ടീം 164–1 എന്ന നിലയില്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്തായി. താരം റിട്ടയേഡ് ഹര്‍ട്ടായി മടങ്ങിയതോടെ പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. ശ്രേയസിനെ സാക്ഷിയാക്കി കോലി സെഞ്ചുറി പൂർത്തിയാക്കി. 113 പന്തുകള്‍ നേരിട്ട കോലി 117 റണ്‍സാണ് ഒന്നാകെ നേടിയത്. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്സ്. ശ്രേയസ് അയ്യർ വമ്പൻ അടികളുമായി കളം നിറഞ്ഞതോടെ സ്കോർ കുത്തനെ ഉയർന്നു.
ഇന്ത്യന്‍ സ്കോര്‍ 300കടന്നു. ഇരുവരും നോക്കൗട്ട് റൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നും പടുത്തുയര്‍ത്തി. ടീം സ്കോര്‍ 327 നില്‍ക്കേ കോലിയുടെ വിക്കറ്റ് നഷ്ടമായി. സൗത്തിയുടെ പന്തില്‍ കോലിയുടെ ഇന്നിങ്‌സ് കോണ്‍വേയുടെ കൈകളിലെത്തി. ചരിത്രം കുറിച്ച് കോലി മടങ്ങുമ്പോള്‍ ഗ്യാലറികളില്‍ നിന്ന് കയ്യടികളുയര്‍ന്നു. ഈ സമയം 44-ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 48-ാം ഓവറില്‍ ശ്രേയസ് അയ്യരും സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 70 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്‌സും നാല് ഫോറും നേടി. 49-ാം ഓവറില്‍ ട്രന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് ശ്രേയസ് മടങ്ങുന്നത്.
ആറാമനായി ഇറങ്ങിയ സൂര്യകുമാർ യാവിന് ഒരു റൺസ് മാത്രമേ കണ്ടെത്താനായുള്ളൂ. ഇന്നിങ്സ് അവസാനിക്കാൻ നാലു പന്തു ശേഷിക്കേ ഗിൽ ക്രീസിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിന് ഒരു റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. ആകെ 66 പന്തു നേരിട്ട ഗിൽ മൂന്ന് ഫോറും എട്ട് സിക്സും സഹിതം 80 റൺസുമായി പുറത്താകാതെ നിന്നു. 20 പന്തില്‍ 39 റണ്‍സെടുത്ത് കെ എല്‍ രാഹുലും ഗില്ലിനൊപ്പം ക്രീസിലുണ്ടായിരുന്നു. ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് നേടി.
English Summary: india vs new zealand
You may also like this video