സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാൻ ഇന്ത്യ ഏത് തരത്തിലുള്ള നിർമ്മിതിയുണ്ടാക്കിയാലും തകർക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാകിസ്ഥാന്റെ കാർഷിക ഭൂമിയുടെ 80 ശതമാനത്തിനും വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. പാകിസ്ഥാന്റെ ജലം വഴിതിരിച്ചുവിടുന്നത് ‘ആക്രമണത്തിന്റെ മുഖമായി’ കണക്കാക്കുമെന്നാണ് ഖവാജ ആസിഫ് ആവർത്തിച്ചത്.
കരാർ മരവിപ്പിച്ചാൽ പാക്കിസ്ഥാന്റെ കാർഷിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നഷ്ടമാകും. സിന്ധു തടത്തിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ ഇന്ത്യ നീങ്ങിയാൽ പാകിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്നായിരുന്നു ചോദ്യം. ‘അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും… ഇന്ത്യ ഇത്തരത്തിലുള്ള ഒരു വാസ്തുവിദ്യാ ശ്രമം നടത്തിയാൽ പോലും, പാകിസ്ഥാൻ ആ നിർമ്മിതി നശിപ്പിക്കും’-ഖവാജ ആസിഫ് പറഞ്ഞു.

