ബംഗ്ലാദേശിനെയും തകര്‍ത്ത് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. വിരാട് കോലി സെഞ്ചുറി നേടി തിളങ്ങിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 97 പന്തില്‍ 103 റണ്‍സെടുത്ത കോലി പുറത്താകാതെ നിന്നു. രോഹിത് — ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 88 റണ്‍സിന്റെ അടിത്തറയിട്ടു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ രോഹിത് (48)വീണു. രോഹിത്തിന് പകരം വിരാട് കോലിയാണ് ക്രീസിലെത്തിയത്. കോലിയെ സാക്ഷിയാക്കി ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി നേടി. ലോകകപ്പിലെ താരത്തിന്റെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ഗില്‍ മെഹ്ദി ഹസന്റെ പന്തില്‍ പുറത്തായി. 55 പന്തില്‍ 53 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ശ്രേയസ് അയ്യര്‍ക്ക് (19) തിളങ്ങാനുമായില്ല. എന്നാല്‍ രാഹുലിനെ കൂട്ടുപിടിച്ച് കോലി വിജയത്തിലേക്ക് നയിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന്‍ (51), മഹ്മുദുള്ള (46) എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്. ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്താനും ബംഗ്ലാദേശിന് സാധിച്ചു. ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി. ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഉടന്‍ ടീം ഫിസിയോ എത്തി താരത്തെ പരിശോധിച്ചു. തുടര്‍ന്ന് അദ്ദേഹം മൈതാനം വിട്ടു. ഹാര്‍ദികിന്റെ ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ വിരാട് കോലിയാണ് എറിഞ്ഞത്.
മികച്ച തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒന്നാം വിക്കറ്റില്‍ തന്‍സിദ് — ലിറ്റണ്‍ സഖ്യം 93 റണ്‍സാണ് അടിച്ചെടുത്തത്. തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തുടരെ മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ഷാന്റോയെ (8) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. മെഹിദി ഹസന്‍ മിറാസിനെ സിറാജിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ ഗംഭീര ക്യാച്ചിലൂടെ മടക്കി. ലിറ്റണ്‍ ദാസിനെ ജഡേജയും പുറത്താക്കിയതോടെ ബംഗ്ലാദേശ് നാലിന് 137 എന്ന നിലയിലായി. മുഷ്ഫിഖർ റഹീമും(38), മഹ്മൂദുല്ലയുമാണ് (46) ബംഗ്ലാദേശ് മധ്യനിരയിൽ തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
English Summary:India win by seven wickets against Bangladesh
You may also like this video