Site iconSite icon Janayugom Online

ജമ്മുകശ്മീരിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ മെന്ദാർ സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തിങ്കളാഴ്ച പരാജയപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 

കഴിഞ്ഞ സമയങ്ങളിലുണ്ടായ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ജമ്മുവിൽ സന്ദർശനം നടത്തുന്നതിനിടെയിലായിരുന്നു നുഴഞ്ഞുകയറ്റശ്രമം നടന്നത്. 

പുലർച്ചെ 5:30 ഓടെ, ബാലകോട്ടിലെ വൈറ്റ് നൈറ്റ് കോർപ്സിന്റെ സൈനികർ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തുകയായിരുന്നു. നുഴഞ്ഞുകയറ്റശ്രമമാണെന്ന് മനസിലാക്കിയ ഉടൻ തന്നെ സൈന്യം വെടിയുതിർക്കുകയായിരുന്നു. 

നേരത്തെ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് സൈനിക സംഘം വീണ്ടും തെരച്ചിൽ നടത്തിയതോടെ സൈന്യവും ഭീകരരുമായി വീണ്ടും ശക്തമായ വെടിവയ്പ്പ് നടക്കുകയായിരുന്നു. 

പാക് അധിനിവേശ കശ്മീരിൽ നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുടെ നീക്കം ബാലക്കോട്ടിലെ ദാബി ഗ്രാമത്തിന് സമീപം പുലർച്ചെ കണ്ടെത്തിയതിനെ തുടർന്നാണ് ആദ്യ ഏറ്റുമുട്ടൽ നടന്നതെന്ന് അധികൃതർ പറഞ്ഞു. 

കനത്ത വെടിവയ്പ്പ് നേരിട്ടതോടെ തീവ്രവാദികൾ രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ കൂടുതൽ സൈന്യം സ്ഥലത്തെത്തി സമഗ്രമായ തിരച്ചിലിനായി പ്രദേശം മുഴുവൻ വളഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version