Site iconSite icon Janayugom Online

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും; നിയമനം ഒട്ടേറെ പ്രമുഖരെ അവഗണിച്ച്

യുഎസ് ജനപ്രതിനിധിസഭയിലെ മുൻ അംഗമായിരുന്ന തുൾസി ഗബാർഡ് ഇന്റലിജൻസ് ഡയറക്ടറാകും. ഡെമോക്രാറ്റിക്‌ നാഷണൽ കമ്മിറ്റിയുടെ മുൻ വൈസ് ചെയർമാൻ ആയിരുന്നു . തെരഞ്ഞെടുപ്പിന് മുൻപ് ട്രംപിന് പിന്തുണ അറിയിച്ച തുളസി പിന്നീട് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു. ഒട്ടേറെ പ്രമുഖരെ വെട്ടിയാണ് തന്റെ വിശ്വസ്തയെ ട്രംപ് ഇന്റിൽജെൻസ് ഡയറക്ടർ ആക്കിയത്. ഇതോടെ അമേരിക്കയിലെ 17 രഹസ്യാനേഷണ ഏജൻസിയുടെ മേൽനോട്ടം തുൾസിക്ക് ലഭിക്കും. 

തുൾസി ഗബാർഡ് തന്റെ അതുല്യമായ കരിയറിൽ നിർഭയത്വമാണു പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. 2020ലെ പ്രസിഡന്റ് തിരഞ്ഞെുപ്പില്‍ ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തില്‍ തുൾസിയും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാൻ പരിഗണിച്ചവരിൽ 43കാരിയായ തുൾസിയുമുണ്ടായിരുന്നു. യുഎസിലെ സമോവയിലായിരുന്നു ​അവരുടെ ജനനം. 

യുഎസ് പാർലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസികൂടിയായ ​ഗബാർഡ് ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. തുൾസി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ​ഗബാർഡ് യഥാർഥത്തിൽ അമേരിക്കക്കാരിയാണ്. അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കൾക്കെല്ലാം ഹിന്ദു പേരുകൾ നൽകുകയായിരുന്നു .ഹോണലോ സിറ്റി കൗൺസിൽ പ്രതിനിധിയായിരുന്ന തുൾസി ഇരുപത്തിയൊന്നാം വയസ്സിലാണ് സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്നത്. സ്റ്റേറ്റ് കൗൺസിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു തുൾസി. ഹവായ് ആർമി നാഷണൽ ഗാർഡിൽ മിലിറ്ററി പൊലീസ് കമ്പനി കമാൻഡറായ തുൾസി യുഎഇയിൽ രണ്ട് തവണ സേവനം നടത്തിയിട്ടുണ്ട്.

Exit mobile version