Site iconSite icon Janayugom Online

ഇന്ത്യന്‍ ആധിപത്യം; വനിതാ ക്രിക്കറ്റിലും പാകിസ്ഥാനെ തകര്‍ത്തു

വനിതാ ക്രിക്കറ്റിലും ഇന്ത്യക്ക് പാകിസ്ഥാനുമേല്‍ ആധിപത്യം. വനിതാ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ 88 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 248 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന് ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ കാലിടറി. 81 റണ്‍സെടുത്ത് സിദ്ര അമീന്‍ പൊരുതിയെങ്കിലും മറ്റ് ബാറ്റര്‍മാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 31 റണ്‍സെടുത്ത നതാലിയ പര്‍വേസ് മാത്രമാണ് അല്പമെങ്കിലും പിന്തുണ നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സില്‍ ഓള്‍ ഔട്ടായി. അവസാന ഘട്ടത്തില്‍ കൂറ്റനടികളുമായി കളം വാണ റിച്ച ഘോഷിന്റെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. റിച്ച 20 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു. മുന്‍നിര ബാറ്റര്‍മാരെല്ലാം മികച്ച തുടക്കമിട്ടെങ്കിലും ആര്‍ക്കും വലിയ സ്കോറിലെത്താന്‍ സാധിച്ചില്ല.

ടോസ് നേടി പാകിസ്ഥാന്‍ ഇ ന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സ്മൃതി മന്ദാന‑പ്രതിക റാവല്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്കോര്‍ 48ല്‍ നില്‍ക്കെ സ്മൃതിയെ മടക്കി പാകിസ്ഥാന്‍ കൂട്ടുകെട്ട് പൊളിച്ചു. സ്മൃതി 32 പന്തില്‍ 4 ഫോറുകള്‍ സഹിതം 23 റണ്‍സുമായി മടങ്ങി. പാക് ക്യാപ്റ്റന്‍ സന ഫാത്തിമയ്ക്കായിരുന്നു വിക്കറ്റ്. സ്കോര്‍ 67ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. പ്രതിക റാവലാണ് മടങ്ങിയത്. താരം 37 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 31 റണ്‍സെടുത്തു. സാദിയ ഇഖ്ബാല്‍ ഇന്ത്യന്‍ ഓപ്പണറെ ക്ലീന്‍ ബൗള്‍ഡാക്കി. മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് കൂടാരം കയറിയത്. താരം 19 റണ്‍സെടുത്തു. ഹര്‍ലീന്‍ ഡിയോളിനു അര്‍ധ സെഞ്ചുറി നാല് റണ്‍സ് അകലെ നഷ്ടമായി. 65 പന്തില്‍ ഒരു സിക്സും 4 ഫോറും സഹിതം ഹര്‍ലീന്‍ 46 റണ്‍സെടുത്തു. ഹര്‍ലീനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മത്സരം പുരോഗമിക്കുന്നതിനിടെ ഗ്രൗണ്ടില്‍ ചെറു പ്രാണികള്‍ നിറഞ്ഞത് കളി ഇടയ്ക്ക് നിര്‍ത്തി വയ്ക്കാന്‍ ഇടയാക്കി. മത്സരം വീണ്ടും തുടങ്ങിയതിനു പിന്നാലെ ജെമിമ റോഡ്രിഗസും പുറത്തായി. താരം 37 പന്തില്‍ 5 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു.

ദീപ്തി 25 റണ്‍സും സ്‌നേഹ് റാണ 20 റണ്‍സുമാണ് സ്വന്തമാക്കിയത്. പിന്നാലെയാണ് റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങ്. അവസാന ഓവറിലെ അവസാന രണ്ട് പന്തിലും ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ ഓള്‍ ഔട്ടായി. പാകിസ്ഥാനായി ഡയാന ബയ്ഗ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. റമീന്‍ ഷമിം, നസ്‌റ സന്ധു എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. അതേസമയം പുരുഷ പോരാട്ടത്തിലെന്ന പോലെ വനിതാ ക്യാപ്റ്റന്മാരും പരസ്പരം കൈ കൊടുത്തില്ല. 

Exit mobile version