Site iconSite icon Janayugom Online

ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമാകും: ഐഎംഎഫ്

ഇന്ത്യന്‍ സമ്പദ്ഘടന 2025ല്‍ ദുര്‍ബലമാകുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്‌). ലോകത്ത് ഇക്കൊല്ലം ചില അസ്ഥിരതകള്‍ പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കയുടെ വാണിജ്യ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാകും ഇതിന് കാരണമെന്നും മാനേജിങ് ഡയറക്‌ടര്‍ ക്രിസ്റ്റാലിന ജോര്‍ജിവ പറഞ്ഞു.
ആഗോള വളര്‍ച്ചാനിരക്ക് സ്ഥിരത പുലര്‍ത്തുമെങ്കിലും പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമ്പദ്ഘടന 2025ല്‍ ദുര്‍ബലമായേക്കാമെന്ന് പറഞ്ഞ അവര്‍, ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് തയ്യാറായില്ല. വേള്‍ഡ് ഇക്കോണമി ഔട്ട്‌ലുക്കിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വിശദാംശങ്ങളുണ്ടാകും. 

നേരത്തെ പ്രതീക്ഷിച്ചതിനെക്കാള്‍ മെച്ചപ്പെട്ടതായിരിക്കും അമേരിക്കയുടെ സമ്പദ്ഘടനയുടെ പ്രകടനം. അതേസമയം യൂറോപ്യന്‍ യൂണിയന്റെ പ്രകടനം അത്ര മികച്ചതാകില്ല. ഇന്ത്യ ദുര്‍ബലമാകും. ബ്രസീലില്‍ ഉയര്‍ന്ന വിലക്കയറ്റം നേരിടേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന നാണ്യശോഷണത്തിന്റെ സമ്മര്‍ദം നേരിടേണ്ടി വരുമെന്നും ഐഎംഎഫ്‌ വിലയിരുത്തുന്നു. വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ജോര്‍ജിവ അഭിപ്രായപ്പെട്ടു. 

പണപ്പെരുപ്പം നേരിടണമെങ്കില്‍ പലിശ നിരക്കില്‍ വര്‍ധനയുണ്ടാകണം. ഇത് ലോകത്തെ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിക്കാതെയും നോക്കണം. ഉയര്‍ന്ന പണപ്പെരുപ്പം തിരികെ ലക്ഷ്യത്തിലേക്ക് എത്തിക്കണം. വളര്‍ന്നുവരുന്ന വിപണികളെക്കാള്‍ സമ്പദ്ഘടനകള്‍ക്കാകണം ഇക്കാര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഐഎംഎഫ് മേധാവി പറഞ്ഞു. 

രാജ്യത്ത് നടപ്പുസാമ്പത്തികവര്‍ഷം വളര്‍ച്ച കുറയുമെന്ന് നേരത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ കണക്കുകള്‍ പുറത്തുവന്നിരുന്നു. കോവിഡ് കഴിഞ്ഞതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ അനുമാനമാണിത്. പിന്നാലെയാണ് ഇതിന്റെ പ്രതിഫലനം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കും നീണ്ടുനില്‍ക്കുമെന്ന തരത്തില്‍ ഐഎംഎഫ് പ്രവചനം പുറത്തുവന്നിരിക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതും സമ്പദ്ഘടനയ്ക്ക് കടുത്ത വെല്ലുവിളിയായി തുടരുകയാണ്. ഇന്നലെ 86.20 എന്ന നിലയിലാണ് വ്യാപാരം നടന്നത്. രൂപയുടെ സര്‍വകാല ഇടിവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കും എത്തി. 

Exit mobile version