Site iconSite icon Janayugom Online

ഇന്ത്യൻ ജനത അസന്തുഷ്ടര്‍; ആഗോള പട്ടികയില്‍ 11-ാമത്

ലോകത്തെ അസന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 11-ാമത്. 71 രാജ്യങ്ങളിലെ 4,00,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ മെന്റല്‍ സ്റ്റേറ്റ് ഓഫ് വേള്‍ഡ് റിപ്പോര്‍ട്ടിലാണ് ഇന്ത്യൻ ജനത അസന്തുഷ്ടരാണെന്ന വെളിപ്പെടുത്തല്‍. ഉസ്ബെക്കിസ്ഥാനാണ് ഈ പട്ടികയില്‍ മുന്നില്‍. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, തജികിസ്ഥാൻ, ഓസ്‌ട്രേലിയ, ഈജിപ്ത്, അയര്‍ലാൻഡ്, ഇറാഖ്, യെമൻ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍.
2020നു ശേഷം ആഗോളതലത്തില്‍ മാനസിക ആരോഗ്യം കുറയുന്നതായും സര്‍വേ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി ജനങ്ങളുടെ മാനസിക നിലയിലുണ്ടാക്കിയ ആഘാതത്തെപ്പറ്റി മനസിലാക്കുന്നതിനായിരുന്നു സര്‍വേ. മനഃസ്ഥിതി, ജീവിതവീക്ഷണം, സാമൂഹിക ജീവിതം, പ്രചോദനം, ഗ്രഹിക്കാനും പൊരുത്തപ്പെടാനും പൂര്‍വസ്ഥിതി പ്രാപിക്കാനുമുള്ള ശേഷി എന്നിവ കണക്കാക്കിയാണ് റിപ്പോര്‍ട്ട്.

ലോകത്തെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഡൊമിനിക്കൻ റിപ്പബ്ലിക്കാണ് ഒന്നാം സ്ഥാനത്ത്, ശ്രീലങ്ക, ടാൻസാനിയ, പനാമ എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. മലേഷ്യ, നൈജീരിയ, വെനസ്വേല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, ഉറുഗ്വെ എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ ലോക സന്തോഷ സൂചികയിലും ഇന്ത്യ സ്ഥിരമായി പിന്നിലാണ്. 2023ല്‍ ഇന്ത്യ 126-ാം സ്ഥാനത്തായിരുന്നു. ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തിസ്വാതന്ത്ര്യം, ഓരോ രാഷ്ട്രത്തിലെയും അഴിമതിയുടെ അളവ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെെനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് സൂചിക തയ്യാറാക്കുന്നത്. ഏറെക്കാലമായി പാകിസ്ഥാന്‍, ശ്രീലങ്ക ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളേക്കാൾ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. മോഡി ഭരണത്തില്‍ രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിച്ചതായും ഇത് സാമൂഹിക അന്തരീക്ഷത്തെ ഏറെ കലുഷിതമാക്കിയിരിക്കുകയാണെന്നുമുള്ള അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

Eng­lish Summary:Indian peo­ple are unhap­py; 11th in the glob­al rankings
You may also like this video

Exit mobile version