Site iconSite icon Janayugom Online

യുഎന്‍ ആസ്ഥാനത്ത് ഇന്ത്യയിലെ ന്യൂനപക്ഷ‑സ്ത്രീവിരുദ്ധത പരാമര്‍ശിക്കുന്ന പോസ്റ്ററുകള്‍

ജനീവയിലെ യുഎൻ ആസ്ഥാനത്ത് ഇന്ത്യയിലെ ന്യൂനപക്ഷ‑സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി പോസ്റ്ററുകൾ. സമൂഹ മാധ്യമങ്ങളിലും ഇവ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ ഭരണകൂടം പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സഞ്ജയ് വർമ സ്വിസ് അംബാസിഡര്‍ റാഫ് ഹെക്നെറെ വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്.

സംഭവത്തിൽ അടിസ്ഥാനരഹിതവും ക്ഷുദ്രകരവുമായ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളാണിതെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയുടെ ആശങ്കകൾ ഗൗരവപൂർവം തന്നെ അധികൃതരെ അറിയിക്കുമെന്ന് ഹെക്നെർ പറഞ്ഞു. എന്നാല്‍, എല്ലാവർക്കും പോസ്റ്റർ വയ്ക്കാൻ അനുവദിച്ച സ്ഥലത്താണ് ഈ പോസ്റ്ററുകൾ ഉള്ളതെന്നും അത് സ്വിസ് സർക്കാറിന്റെ അഭിപ്രായ പ്രകടനമല്ലെന്നും സ്വിസ് അംബാസിഡർ റാഫ് ഹെക്നെർ അറിയിച്ചു.

നേരത്തെയും മനുഷ്യാവകാശ കൗൺസിലിന്റെ യോഗത്തിന് മുന്നോടിയായി ഇത്തരം പോസ്റ്ററുകൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ക്രിസ്ത്യൻ സമുദായം ഭരണകൂട ഒത്താശയോട് കൂടിയുള്ള തീവ്രവാദത്തിനിരയാകുകയാണ്. ഇന്ത്യ സ്ത്രീകളെ അടിമകളായാണ് കാണുന്നത് തുടങ്ങിയ പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ബാലവിവാഹത്തെക്കുറിച്ചുമുള്ള പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ യോഗത്തിന് മുന്നോടിയായാണ് ജനീവയിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങളെ സൂചിപ്പിക്കുന്ന പോസ്റ്ററുകൾ പതിഞ്ഞത്.

Eng­lish Sam­mury: India’s Anti-Minor­i­ty Posters at UN Head­quar­ters; India sum­moned the Swiss ambassador

 

Exit mobile version