Site iconSite icon Janayugom Online

രാജ്യത്ത് തൊഴിലില്ലായ്മ 16 മാസത്തെ ഉയര്‍ന്ന നിരക്കില്‍; മോഡി സര്‍ക്കാരിന് വെല്ലുവിളിയാകും

രാജ്യത്തെ തൊഴിലില്ലായ്മ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുപ്രകാരം ഡിസംബറില്‍ 8.3 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. നഗരങ്ങളിലെ തൊഴിലില്ലായ്മ ഡിസംബറില്‍ 8.96 നിന്ന് 10.09 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഗ്രാമങ്ങളിലേത് 7.55ല്‍ നിന്ന് 7.44 ശതമാനമായി. തൊഴിലില്ലായ്മയില്‍ ഹരിയാനയാണ് ഏറ്റവും മുന്നില്‍, 37.4 ശതമാനം. രാജസ്ഥാനും (28.5), ഡല്‍ഹി(20.8) യുമാണ് തൊട്ടുപിന്നില്‍. തൊഴിലില്ലായ്മാ നിരക്ക് ജൂലെെ-സെപ്റ്റംബര്‍ പാദത്തിലെ 7.6 ല്‍ നിന്ന് 7.2 ശതമാനമായി കുറഞ്ഞതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നവംബറില്‍ പുറത്തിറക്കിയ ത്രെെമാസ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലും ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 8.3 ശതമാനമായിരുന്നു. ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. ജൂലൈയിൽ 6.8 ശതമാനമായിരുന്നു ഇത്. ഓഗസ്റ്റിൽ നഗര തൊഴിലില്ലായ്മാ നിരക്ക് 9.6 ശതമാനമായും ഗ്രാമീണ തൊഴിലില്ലായ്മ 7.7 ശതമാനമായും ഉയർന്നിരുന്നു. കാലാവസ്ഥ മോശമാകുന്നതും ക്രമാതീതമായ അളവിലുള്ള മഴ കൃഷിയെയും അനുബന്ധ തൊഴിലുകളെയും ബാധിച്ചതുമാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ വർധിക്കുന്നതിനുള്ള കാരണമായതെന്ന് സിഎംഐഇ അന്ന് പറഞ്ഞിരുന്നു. മൺസൂൺ അവസാനിക്കുന്നതോടെ കാർഷിക പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉള്ളതിനാൽ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് കുറയാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഉയര്‍ന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതും തൊഴില്‍ പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതും 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുമെന്ന സൂചനയാണ് തൊഴിലില്ലായ്മ നിരക്ക് നല്‍കുന്നത്. അതേസമയം തൊഴിൽ പങ്കാളിത്ത നിരക്ക് ഡിസംബറിൽ 40.48 ശതമാനമായി ഉയർന്നതുകൊണ്ട് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത് കുഴപ്പമമല്ലെന്ന് സിഎംഐഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് പറയുന്നു. ഡിസംബറിൽ തൊഴിൽ നിരക്ക് 37.1 ശതമാനമായി വർധിച്ചെന്നും 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്നും അ​ദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: Indi­a’s unem­ploy­ment rate rises
You may also like this video

Exit mobile version