Site iconSite icon Janayugom Online

ഇന്ത്യൻ പടയോട്ടം; കിവീസിനെ തകര്‍ത്തെറിഞ്ഞ് പരമ്പര നേട്ടം

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ പടയോട്ടം. ആദ്യ മൂന്ന് മത്സരവും വിജയിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കി. ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. 154 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 10 ഓവറിൽ കളി അവസാനിപ്പിച്ചു. ന്യൂസിലൻഡിനെതിരെ ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ഇത് മാറി.
ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായെങ്കിലും ഇഷാൻ കിഷൻ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ് എന്നിവർ ക്രീസിൽ നിറഞ്ഞാടി. കിവി ബോളർമാരെ തലങ്ങും വിലങ്ങും പറത്തിയ അഭിഷേക് 20 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സറുമടക്കം 68 റണ്‍സ് നേടി. 26 പന്തില്‍ നിന്നും 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് ആറ് ബൗണ്ടറികളും മൂന്ന് സിക്സറും നേടി. 13 പന്തില്‍ നിന്നും മൂന്ന് ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ ഇഷാന്‍ കിഷന്‍ 28 റണ്‍സടിച്ചുകൂട്ടി.

വെറും 14 പന്തിൽ അർധസെഞ്ചുറി തികച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ ചരിത്രനേട്ടവും കുറിച്ചു. ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ടി20 അർധസെഞ്ചുറിയാണിത്. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർധസെഞ്ചുറി നേടിയ യുവരാജ് സിങ്ങിന്റെ പേരിലാണ് നിലവിലെ റെക്കോർഡ്. അന്ന് സ്റ്റുവർട്ട് ബോർഡിന്റെ ഒരോവറിൽ ആറ് സിക്സറുകൾ യുവരാജ് നേടിയിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യയും രവി ബിഷ്‌ണോയിയും രണ്ട് വീതവും വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസ് നേടിയ ഗ്ലെൻ ഫിലിപ്‌സാണ് കിവികളിൽ ടോപ് സ്കോറർ. മാര്‍ക്ക് ചാപ്മാന്‍ 32 റൺസും മിച്ചൽ സാന്റ്നർ 27 റൺസും നേടി. അതേസമയം മൂന്നാം ടി20യിലും മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഓപ്പണറായി എത്തിയ സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ പുറത്തായി. പേസര്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

Exit mobile version