ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന വീഡിയോ വൈറല്‍ ആയതിനു പിന്നാലെ കാണാതായ ഹുസൈന്‍ അഹമ്മദ് മസുംദാറിനെ കണ്ടെത്തി. അസമിലെ ബാര്‍പെട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കണ്ടത്. മുംബൈ – കോല്‍ക്കത്ത വിമാനത്തില്‍ വച്ച് പരിഭ്രാന്തനായ ഹുസൈനെ സഹയാത്രികന്‍ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. സംഭവശേഷം കൊല്‍ക്കത്തയില്‍ ഇറങ്ങിയ ഹുസൈനെ പിന്നീട് കാണാതായത്.
കൊല്‍ക്കത്തയില്‍ നിന്നും അസമിലെ സില്‍ച്ചറിലേക്കുള്ള അടുത്ത വിമാനത്തില്‍ ഹുസൈന്‍ കയറിയില്ല. വൈറലായ ദൃശ്യങ്ങള്‍ കണ്ട് ഹുസൈനെ കൊണ്ടുപോകാന്‍ സില്‍ച്ചര്‍ വിമാനത്താവളത്തില്‍ എത്തിയ ബന്ധുക്കള്‍, തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്, സില്‍ചറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ അസമിലെ ബാര്‍പെട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹുസൈനെ കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തി ഇയാളെ സില്‍ചറിലേക്ക് കൊണ്ടുപോയിരുന്നു. അസുഖബാധിതനായ പിതാവിനെ കാണാനായി മുംബൈയില്‍ നിന്നും വരികയായിരുന്നു ഹുസൈന്‍ എന്നും അതിനാല്‍, കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

